മഹാരാഷ്ട്രയിൽ മറാത്ത ക്വോട്ട പ്രക്ഷോഭം അക്രമാസക്തം; എൻ.സി.പി എം.എൽ.എയുടെ വീടിന് തീയിട്ടു; വാഹനം തകർത്തു
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ബീഡ് ജില്ലയിൽ എൻ.സി.പി എം.എൽ.എ പ്രകാശ് സോളങ്കെയുടെ വീടിനു തീയിട്ടു. വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ അംഗമാണ് സോളങ്കെ. അടുത്തിടെയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എം.എൽ.എമാർ ഷിൻഡെ സഖ്യത്തിനൊപ്പം ചേർന്നത്.
ആക്രമണം നടക്കുമ്പോൾ താൻ വീടിനകത്തുണ്ടായിരുന്നുവെന്നും ഭാഗ്യവശാൽ കുടുംബാംഗങ്ങൾക്ക് ആർക്കും പരിക്കില്ലെന്നും സോളങ്കെ പ്രതികരിച്ചു. എന്നാൽ വീടിനും മറ്റ് വസ്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സോളങ്കെ അറിയിച്ചു.
ഒക്‌ടോബർ 25 മുതൽ ക്വോട്ട അനുകൂല പ്രവർത്തകൻ മനോജ് ജരാംഗെ പാട്ടീൽ നടത്തുന്ന നിരാഹാര സമരത്തിനെതിരെയുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത വ്യക്തി ഇന്ന് ഒരു മിടുക്കനായി മാറിയിരിക്കുന്നു എന്നായിരുന്നു സോളങ്കെയുടെ പരിഹാസം. ഇതിന്റെ ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. എം.എൽ.എയുടെ വീടിന് തീയിട്ട നടപടിയെ എൻ.സി.പി അപലപിച്ചു. മഹാരാഷ്ട്രയിലെ ട്രിപ്പിൾ എൻജിൻ സർക്കാർ സമ്പൂർണ പരാജയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ സമ്പൂർണ പരാജയമാണിത് കാണിക്കുന്നതെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ ആരോപിച്ചു. സമരം തെറ്റായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.