ശരദ് പവാർ വിളിച്ച യോഗത്തിൽ പങ്കെടുത്ത എം.എൽ.എ അജിത് പവാർ ക്യാമ്പിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയിലെ പിളർപ്പിന് പിന്നാലെ ശക്തി തെളിയിക്കാൻ പാർട്ടി അധ്യക്ഷൻ ശരദ് പവാർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത എം.എൽ.എ, വിമത നേതാവ് അജിത് പവാറിന്‍റെ ക്യാമ്പിൽ. വായ് മണ്ഡലത്തിൽ നിന്നുള്ള മകരന്ദ് പാട്ടീലാണ് മറുകണ്ടം ചാടിയത്.
ബി.ജെ.പി-ശിവസേന ഷിൻഡെ സഖ്യ സർക്കാർ എൻ.സി.പി വിമതർക്ക് നൽകിയ ഒമ്പത് മന്ത്രിപദവിയിൽ ഒന്ന് തനിക്കായിരുന്നെന്ന് മകരന്ദ് പാട്ടീൽ അവകാശപ്പെട്ടു. എന്നാൽ, തന്നെ പിന്തുണക്കുന്നവരോട് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂവെന്ന് അജിത് പവാറിനെ അറിയിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ മണ്ഡലത്തിൽ പ്രതിസന്ധിയിലായ പഞ്ചസാര ഫാക്ടറികളുണ്ട്. അത് പരിഹരിക്കാനും ടൂറിസം മേഖലയെ വളർച്ചയിലേക്ക് കൊണ്ടുവരാനും അജിത് പവാറിന് സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ശരദ് പവാറും അജിത് പവാറും തനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണെന്നും ഇവരിൽ ഒരാളെ മാത്രം തിരഞ്ഞെടുക്കൽ പ്രയാസകരമാണെന്നും മകരന്ദ് പാട്ടീൽ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് എൻ.സി.പിയെ പിളർത്തിക്കൊണ്ട് അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു പക്ഷം ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിന്‍റെ ഭാഗമായത്. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുകയും ഒമ്പത് പേരെ മന്ത്രിമാരാക്കുകയും ചെയ്തിരുന്നു. എൻ.സി.പിയുടെ 53 എം.എൽ.എമാരിൽ 40ലേറെ പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് അജിത് പവാർ പക്ഷം അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.