കാലുറക്കാതെ എൻ.സി.പി ; എം.എൽ.എമാർ കൂറുമാറ്റം തുടരുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ പാർട്ടിസ്ഥാപകൻ ശരദ് പവാർ, പാർട്ടിയിൽ വിമത നീക്കം നയിച്ച അജിത് പവാർ എന്നിവരിൽ ആർക്കൊപ്പം നിൽക്കണമെന്നതിൽ ആശയക്കുഴപ്പത്തിലായി എൻ.സി.പി എം.എൽ.എമാർ. ബി.ജെ.പി പാളയത്തിൽ ചെന്ന് ഉപമുഖ്യമന്ത്രിയായി അജിത് പവാർ അധികാരമേറ്റപ്പോൾ ഒപ്പംനിന്ന രണ്ട് എം.എൽ.എമാർ പിന്നീട് ശരദ് പവാർ പക്ഷത്തേക്ക് മടങ്ങിയിരുന്നു. മകരന്ദ് ജാദവ് പാട്ടീൽ, കിരൺ ലഹമതെ എന്നിവരാണവർ. ആഴ്ച തികയുംമുമ്പ് അവർ വീണ്ടും അജിത് പക്ഷത്ത് ചേക്കേറി.
പവാറും അജിത്തും പ്രിയപ്പെട്ടവരാകയാൽ ആർക്കൊപ്പം പോകണമെന്ന ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് മകരന്ദ് പറയുന്നു. പഞ്ചസാര ഫാക്ടറി, ടൂറിസം പ്രതിസന്ധികളിൽനിന്ന് മണ്ഡലത്തെ കരകയറ്റാനാണ് അജിത്തിനൊപ്പം നിൽക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുവർക്കും മന്ത്രിപദം നൽകിയേക്കുമെന്നാണ് സൂചന.
ഇതോടെ അജിത് പക്ഷത്തുള്ള എം.എൽ.എമാരുടെ എണ്ണം 31 ആകുകയും പവാറിനൊപ്പമുള്ളവരുടെ എണ്ണം 14 ആയി താഴുകയും ചെയ്തു. എട്ടുപേരുടെ നിലപാട് ഇനിയും വ്യക്തമല്ല. കൂറുമാറ്റ നിയമത്തിൽനിന്നും രക്ഷപ്പെടാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്താൻ അജിത്തിന് അഞ്ച് എം.എൽ.എമാരുടെ പിന്തുണ ഇനിയും വേണം. അജിത് പക്ഷത്തുള്ളവർക്കും രണ്ട് മനസ്സാണെന്നാണ് സൂചന.
അതേസമയം, പിളർപ്പിനു കാരണം പവാറിന്റെ മകൾ സുപ്രിയ, മറ്റൊരു സഹോദരന്റെ പേരമകനും എം.എൽ.എയുമായ രോഹിത് പവാർ എന്നിവരാണെന്ന് വിമതപക്ഷം ആരോപിച്ചു.
സുപ്രിയയെ മറ്റുള്ളവരുടെ മുകളിൽ ‘അടിച്ചേൽപിച്ചതാ’യി പ്രഫുൽ പട്ടേൽ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും പ്രഫുൽ പട്ടേലിനെ കേന്ദ്രമന്ത്രിയാക്കിയത് സുപ്രിയ എം.പിയായിരിക്കെയാണെന്ന് ഓർമപ്പെടുത്തിയാണ് പവാർ മറുപടി നൽകിയത്. സുപ്രിയയെ മാറ്റിനിർത്തി അന്ന് താൻ മന്ത്രിസ്ഥാനങ്ങൾ നൽകിയവരുടെ പേരുകൾ പവാർ എണ്ണിപ്പറഞ്ഞു.
ഇതിനിടെ, എൻ.സി.പിയിൽ അവകാശവാദം ഉന്നയിക്കാതെ സ്വന്തമായി പാർട്ടിയുണ്ടാക്കാനും പ്രത്യയശാസ്ത്ര, നയങ്ങൾ വ്യക്തമാക്കാനും അജിത്തിനോട് ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.