മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് തിരിച്ചടി; മുൻ ശിവസേന എം.എൽ.എ ശരത് പവാറിനൊപ്പം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എൻ.ഡി.എക്ക് തിരിച്ചടിയായി മുൻ ശിവസേന എം.എൽ.എ ശരത് പവാറിന്റെ എൻ.സി.പിയിൽ ചേർന്നു. കർമാല മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്ന നാരായൺ പാട്ടീലാണ് എൻ.സി.പിയിൽ ചേർന്നത്. മാദ ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി രൻജിതേഷ് നായിക് നിംബാൽക്കറിനാണ് മുൻ എം.എൽ.എയുടെ കൂടുമാറ്റം കനത്ത തിരിച്ചടിയുണ്ടാക്കുക. മദ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭ മണ്ഡലമാണ് കർമാലി. പ്രദേശത്ത് നാരായൺ പാട്ടീലിന് നല്ല സ്വാധീനമുണ്ട്. എൻ.സി.പിയിലെ ധൈര്യശീൽ മോഹിത് പട്ടേലിനെതിരെയാണ് നിംബാൽക്കർ മത്സരിക്കുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പാണ് മോഹിത് പട്ടേൽ ബി.ജെ.പിയിൽ നിന്നും എൻ.സി.പിയിലെത്തിയത്. മോഹിത് പട്ടേലിന്റെ അമ്മാവനും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ വിജയസിൻഹ മോഹിത് പട്ടേലും എൻ.സി.പിയിലെത്തിയിരുന്നു. എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ സ്വാധീനമുള്ള രൻജിതേഷ് നായിക് നിംബാൽക്കറിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ അദ്ദേഹത്തിന്റെ ബന്ധുവായ രാംരാജ നിംബാൽക്കർ വിസമ്മതിച്ചിരുന്നു. ഇതിനിടെയാണ് എം.എൽ.എയുടെ കൂടുമാറ്റവും സ്ഥാനാർഥിക്ക് തിരിച്ചടിയാവുന്നത്.
കഴിഞ്ഞ ദിവസം കർമാല നിയമസഭ മണ്ഡലത്തിൽവെച്ച് നടന്ന റാലിയിൽ ശരത് പവാറും പുതുതായി പാർട്ടിയിലെത്തിയ നേതാക്കളും പങ്കെടുത്തിരുന്നു. ഇൻഡോറിലെ ഹോൾകർ രാജവംശത്തിലെ അംഗവും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കെത്തിയവരെല്ലാം മഹാരാഷ്ട്ര സർക്കാറിനേയും കേന്ദ്രസർക്കാറിനേയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മോഹിത് പട്ടേലിനെ പിന്തുണക്കുമെന്ന് എല്ലാവരും പരിപാടിക്കിടെ പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.