അജിത് പവാറിനെ കട്ടപ്പയും ശരദ് പവാറിനെ ബാഹുബലിയുമാക്കി എൻ.സി.പി വിദ്യാർഥി വിഭാഗം
text_fieldsന്യൂഡൽഹി: എൻ.സി.പിയെ നെടുകെ പിളർത്തി ബി.ജെ.പി-ഷിൻഡെ സർക്കാറിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെതിരെ പരസ്യ പ്രതിഷേധവുമായി വിദ്യാർഥി വിഭാഗമായ രാഷ്ട്രീയവാദി വിദ്യാർഥി കോൺഗ്രസ്. എൻ.സി.പി ഡൽഹി ഓഫിസിന് മുമ്പിൽ അജിത് പവാറിനെ കട്ടപ്പയും ശരദ് പവാറിനെ ബാഹുബലിയുമാക്കിയുള്ള ബോർഡ് സ്ഥാപിച്ചാണ് വിദ്യാർഥി വിഭാഗം രംഗത്തെത്തിയത്.
ബാഹുബലി എന്ന ഹിറ്റ് സിനിമയിൽ ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് വാൾ കൊണ്ട് കുത്തുന്ന രംഗത്തിന് സമാനമായി തയാറാക്കിയ ബോർഡിൽ അജിത് പവാറിന്‍റെയും ശരത് പവാറിന്‍റെയും സാദൃശ്യമുള്ള നിഴൽ രൂപങ്ങളാണ് ചേർത്തിട്ടുള്ളത്. കൂടാതെ, അജിത് പവാറിനെ രാജ്യദ്രോഹി എന്ന് പരാമർശിക്കുന്ന 'ഗദ്ദാർ' എന്ന വാക്കും അച്ചടിച്ചിട്ടുണ്ട്.
ഇന്നലെ മുംബൈയിൽ നടന്ന അജിത് പവാർ-ശരദ് പവാർ വിഭാഗങ്ങളുടെ യോഗങ്ങൾ തങ്ങളോടൊപ്പമുള്ള എം.എൽ.എമാരെ അണിനിരത്താനായിരുന്നു. 53 എം.എൽ.എമാരിൽ 29 പേർ വിമതവിഭാഗം യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. 17 പേർ ശരദ്പവാർ പക്ഷത്തിന്റെ യോഗത്തിലും. ചില എം.എൽ.എമാർ രണ്ട് പക്ഷത്തിന്റെയും യോഗത്തിനെത്തിയതായി സൂചനയുണ്ട്.
ഇരുയോഗങ്ങളിൽ നിന്നും വിട്ടുനിന്നവരുടെ തീരുമാനവും നിർണായകമാകും. എണ്ണത്തിൽ കാര്യമില്ലെന്നും 40 പേരുടെ പിന്തുണ ഉറപ്പാണെന്നുമാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടാതിരിക്കാൻ വിമതർക്ക് 36 പേരുടെ പിന്തുണയാണ് വേണ്ടത്.
കൂറുമാറിയ എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ്പവാർ പക്ഷവും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് ശരദ്പവാറിനെ പുറത്താക്കി അജിത് പവാറിന്‍റെ വിമതവിഭാഗവും തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.