നൂപുർ ശർമക്കെതിരെ പരാമർശം: അഖിലേഷ് യാദവിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് ദേശീയ വനിതാ കമ്മീഷൻ
text_fieldsന്യൂഡൽഹി: ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമക്കെതിരായ വിവാദ പരാമർശത്തിൽ അഖിലേഷ് യാദവിനെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഉത്തർപ്രദേശ് സർക്കാരിന് അയച്ച കത്തിൽ പറയുന്നു.
'സംഭവത്തിൽ ന്യായവും സമയബന്ധിതവുമായ അന്വേഷണം ദേശീയ വനിത കമ്മീഷൻ ആവശ്യപ്പെടുന്നു. മൂന്ന് ദിവസത്തിനകം നടപടി സ്വീകരിച്ച് വിവരം അറിയിക്കണം.'-ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച നൂപുർ ശർമയെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ എസ്.പി നേതാവ് അഖിലേഷ് യാദവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'മുഖം മാത്രമല്ല, ശരീരവും മാപ്പ് പറയണം. കൂടാതെ രാജ്യത്തെ ശാന്തിയും ഐക്യവും തകർത്തതിന് ശിക്ഷിക്കപ്പെടണം'- എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അഖിലേഷിന്‍റെ ട്വീറ്റ് വിവാദമായി.
തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെ അവർക്കെതിരെ സുപ്രിം കോടതി രൂക്ഷ വിമർശനമുയർത്തിയിരുന്നു. നൂപുർ ശർമ പ്രവാചകനിന്ദ നടത്തി മതവികാരം വ്രണപ്പെടുത്തുകയും ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയും ചെയ്തെന്ന് സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.