ബിഹാറിൽ വീണ്ടും എൻ.ഡി.എ വരും, വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞു -മോദി
text_fieldsപാട്ന: ബിഹാറിൽ വീണ്ടും എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ അരാരിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ബിഹാർ വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. ഞങ്ങൾക്ക് ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം വീണ്ടും എൻ.ഡി.എ സഖ്യം അധികാരത്തിലെത്തും. സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാൻ വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞു -മോദി പറഞ്ഞു.
രണ്ട് എൻജിനുകളുള്ള സർക്കാറിന്‍റെ തിരിച്ചുവരവ് ബിഹാറിന്‍റെ വികസനം വേഗത്തിലാക്കുമെന്നും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രസ്താവനക്ക് മറുപടിയെന്നോണം മോദി പറഞ്ഞു.
ചിലർക്ക് ചില പ്രശ്നമുണ്ട്. മോദി എന്തുകൊണ്ട് തെരഞ്ഞെടുപ്പുകൾ ജയിക്കുന്നുവെന്ന് അവർ ചോദിക്കുന്നു. സാധാരണക്കാരും പാവങ്ങളുമായ അമ്മമാരുടെയും സഹോദരങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതുകൊണ്ടാണ് മോദി തെരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. അവരുടെ അനുഗ്രഹമുണ്ട്. ഈ മകന്‍റെ ജീവിതം പാവങ്ങൾക്ക് വേണ്ടിയുള്ളതാണ് -മോദി പറഞ്ഞു.
മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി നാലാംതവണയാണ് പ്രധാനമന്ത്രി ബിഹാറിലെത്തുന്നത്.
രണ്ടാംഘട്ടത്തിൽ 94 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 11 മണിവരെ 19.26 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഒക്ടോബർ 28നായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. മൂന്നാംഘട്ട വോട്ടെടുപ്പ് നവംബർ ഏഴിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.