രാജ്യസഭയിൽ ആധിപത്യം ഉറപ്പിച്ച് എൻ.ഡി.എ, ചരിത്രത്തിൽ കുറവ് പ്രാതിനിധ്യവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജ്യസഭയിലും മേധാവിത്വം ഉറപ്പിച്ച് എൻ.ഡി.എ. ഉത്തർപ്രദേശിലെ 11ഉം ഉത്തരാഖണ്ഡിലെ ഒന്നും രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെ ഒമ്പത് ബി.െജ.പി അംഗങ്ങൾ കൂടി രാജ്യസഭയിലെത്തിയതോടെയാണ് എൻ.ഡി.എയുടെ അംഗബലം 100 കടന്നത്.
അതേസമയം ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ അംഗസംഖ്യയിലേക്ക് കോൺഗ്രസ് ചുരുങ്ങുകയും ചെയ്തു. 242 അംഗ രാജ്യസഭയിൽ 38 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. എൻ.ഡി.എ സഖ്യത്തിലെ ബി.ജെ.പിക്ക് 92 അംഗങ്ങളാണ് ഇപ്പോൾ രാജ്യസഭയിലുള്ളത്. എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന് അഞ്ച് അംഗങ്ങളുമുണ്ട്. കൂടാതെ എൻ.ഡി.എ ഘടക കക്ഷികളായ ആർ.പി.ഐ അത്തേവാലെ, അസം ഗണ പരിഷത്ത്, മിസോ നാഷനൽ ഫ്രണ്ട്, നാഷനൽ പീപ്പിൾസ് പാർട്ടി, നാഗ പീപ്പിൾസ് ഫ്രണ്ട്, പട്ടാളി മക്കൾ കക്ഷി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് തുടങ്ങിയവക്ക് ഒാരോ സീറ്റ് വീതവുമുണ്ട്.
ഇതോടെ രാജ്യസഭയിൽ എൻ.ഡി.എയുടെ അംഗസംഖ്യ 104 ആയി ഉയർന്നു. നാല് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ പിന്തുണയും ലഭിക്കും. രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ 121 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.
നിർണായക ഘട്ടങ്ങളിൽ ബില്ലുകൾ പാസാക്കുന്നതിനായി എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ പാർട്ടികളുടെ ഒമ്പത് വീതം അംഗങ്ങളുടെയും ടി.ആർ.എസിെൻറ ഏഴ് അംഗങ്ങളുടെയും വൈ.എസ്.ആർ.സി.പിയുടെ ആറംഗങ്ങളുടെയും പിന്തുണ രാജ്യസഭയിൽ എൻ.ഡി.എക്ക് ലഭിക്കാറുണ്ട്. വിഷയത്തിെൻറ അടിസ്ഥാനത്തിലാണ് ഈ പാർട്ടികൾ എൻ.ഡി.എക്ക് പിന്തുണ നൽകാറുള്ളത്. ഭൂരിപക്ഷം കൈയാളുന്നില്ലെങ്കിലും സുപ്രധാന ബില്ലുകൾ ഏകപക്ഷീയമായി എൻ.ഡി.എക്ക് ഇതോടെ പാസാക്കിയെടുക്കാൻ കഴിയും.
കേന്ദ്രമന്ത്രിക്ക് പുറമെ ബി.ജെ.പിയുടെ നീരജ് ശേഖർ, അരുൺ സിങ്, ഗീത ശാക്യ, ഹരിദ്വാർ ദുബെ, ബ്രിജ്ലാൽ, ബി.എൽ. വർമ, സീമ ദ്വിവേദി തുടങ്ങിയവരും സമാജ്വാദി പാർട്ടിയുടെ രാം ഗോപാൽ യാദവും ബി.എസ്.പിയുടെ രാംജി ഗൗതവുമാണ് രാജ്യസഭയിലെത്തിയത്. നവംബർ 25 മുതൽ 2026 നവംബർ 24 വരെയാണ് പുതിയ അംഗങ്ങളുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.