‘മുസ്ലിംകളും ക്രിസ്ത്യാനികളും പരദേശികൾ’; കോവിന്ദിന്റെ നിലപാടിനെച്ചൊല്ലി വിവാദം
text_fieldsന്യൂഡൽഹി: ഇസ്ലാമും ക്രിസ്തുമതവും ഇതരരാജ്യത്തുനിന്ന് വന്നതായതിനാൽ ദലിത് സമുദായത്തിൽപെട്ടവർ മുസ്ലിമോ ക്രിസ്ത്യാനിയോ ആയാൽപിന്നെ ദലിത് സംവരണം അനുവദിക്കാൻ പാടില്ലെന്ന എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിെൻറ നിലപാടിനെച്ചൊല്ലി വിവാദം. സാത്വികനായ സംഘ്പരിവാറുകാരൻ എന്ന് ബി.ജെ.പി നേതാക്കൾ കോവിന്ദിനെ വിശേഷിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം 2010ൽ ബി.ജെ.പി വക്താവായിരുന്ന കാലത്ത് കൈക്കൊണ്ട നിലപാട് ചർച്ചയാവുന്നു.
രംഗനാഥ് മിശ്ര കമീഷൻ റിപ്പോർട്ടിൽ 10 ശതമാനം സംവരണം മുസ്ലിംകൾക്കും അഞ്ചു ശതമാനം സംവരണം മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും ശിപാർശ ചെയ്തതിനെക്കുറിച്ചായിരുന്നു കോവിന്ദിെൻറ വിവാദ പ്രസ്താവന. മുസ്ലിംകളും ക്രിസ്ത്യാനികളുമായ ദലിതുകൾക്ക് പട്ടികജാതി പദവി നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കോവിന്ദ് പറഞ്ഞത്.
രംഗനാഥ് മിശ്ര കമീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യെപ്പട്ട അദ്ദേഹം അത് നടപ്പാക്കുക സാധ്യമല്ലെന്നും അന്ന് വ്യക്തമാക്കി. സിഖ്, ബുദ്ധമത വിശ്വാസികളായ ദലിതുകൾക്ക് സംവരണം നൽകുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ഇസ്ലാമും ക്രിസ്തുമതവും ഇതരരാജ്യത്തുനിന്നുള്ളതാണെന്ന് കോവിന്ദ് പറഞ്ഞത്. ഹിന്ദു, സിഖ്, ബുദ്ധ മതക്കാരല്ലാത്ത ദലിതുകൾക്ക് സംവരണം നൽകരുതെന്ന് ഭരണഘടനയിലുണ്ടെന്നും കോവിന്ദ് പറഞ്ഞു.
മതപരിവർത്തനത്തിനുശേഷം ദലിത് മുസ്ലിംകൾക്കും ദലിത് ക്രിസ്ത്യാനികൾക്കും സ്കൂളുകളിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും അവർക്കും സംവരണം അനുവദിച്ചാൽ സർക്കാർ ജോലികളിലെ പ്രധാന പങ്ക് അവർ പിടിച്ചുപറ്റുമെന്നും സംവരണ സീറ്റുകളിൽ അവർ മത്സരിക്കുമെന്നും ഇത് മതപരിവർത്തനത്തിന് പ്രോത്സാഹനമാകുമെന്നും കോവിന്ദ് പറഞ്ഞു.
തുടർന്ന് വാർത്തസമ്മേളനത്തിൽ കോവിന്ദ് നടത്തിയ പ്രസ്താവനയുടെ വാർത്തക്കുറിപ്പും ബി.ജെ.പി ദേശീയ ആസ്ഥാനത്തുനിന്നിറക്കിയിരുന്നു. എന്നാൽ, ഇസ്ലാമും ക്രിസ്തുമതവും രാഷ്ട്രത്തിന് ചേരാത്തതാണെന്നല്ല അഭിപ്രായത്തിന് ചേരാത്തതാണെന്നാണ് പറഞ്ഞതെന്ന ന്യായീകരണവുമായി കോവിന്ദിനെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.