ഝാർഖണ്ഡിൽ എൻ.ഡി.എ സീറ്റുവിഭജനം പൂർത്തിയായി
text_fieldsന്യൂഡൽഹി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എയുടെ ആദ്യഘട്ട സീറ്റുവിഭജനം പൂർത്തിയായി. 81 സീറ്റുകളിൽ 68ലും മത്സരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. സഖ്യകക്ഷികളായ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ (എ.ജെ.എസ്.യു), ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു), ലോക് ജൻ ശക്തി പാർട്ടി (രാം വിലാസ്) എന്നിവയാണ് മറ്റു 13 സീറ്റുകളിൽ മത്സരിക്കുക. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് (എച്ച്.എ.എം) ഇത്തവണ സീറ്റില്ല.
സുധേഷ് മഹ്തോയുടെ നേതൃത്വത്തിലുള്ള എ.ജെ.എസ്.യു പാർട്ടി 10 സീറ്റുകളിലാണ് മത്സരിക്കുക. സില്ലി, രാംഗഢ്, ഗോമിയ, ദുമ്രി, ജുഗ്സലായ് (എസ്.സി), പോട്ക (എസ്.ടി), ഇച്ചഗഢ്, മാണ്ടു, പാകുർ, ലോഹർദാഗ (എസ്.ടി), മനോഹർപുർ എന്നീ മണ്ഡലങ്ങൾ എ.ജെ.എസ്.യുവിന് നൽകാനാണ് പ്രാഥമിക ധാരണ. ജംഷഡ്പുർ (വെസ്റ്റ്), തമാർ (എസ്.ടി) എന്നിവിടങ്ങളിൽനിന്ന് നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി.യുവും പട്ടികവർഗ മണ്ഡലമായ ഛത്രയിൽനിന്ന് ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയും (രാം വിലാസ്) മത്സരിക്കും.
സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന്റെ സഹ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 79 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.