രാജ്യസഭയിൽ കോൺഗ്രസ് പ്രതിനിധിയില്ലാതെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ; നാലുസീറ്റും എൻ.ഡി.എക്ക്
text_fieldsഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒഴിവുവന്ന നാലു രാജ്യസഭ സീറ്റുകളിൽ ബി.ജെ.പിക്കും സഖ്യകക്ഷിക്കും വിജയം. പാർലമെന്ററി ചരിത്രത്തിൽ ആദ്യമായാണ് മേഖലയിൽ നിന്ന് രാജ്യസഭയിൽ കോൺഗ്രസിന് ഒരു പ്രതിനിധി പോലും ഇല്ലാതാകുന്നത്.
ത്രിപുരയിലെ സീറ്റ് തങ്ങളുടെ അംഗബലത്തിന്റെ മികവിൽ ബി.ജെ.പി വിജയിച്ചപ്പോൾ നാഗാലൻഡിൽ എതിരാളികളുണ്ടായില്ല. പ്രതിപക്ഷത്തിന്റെ അസാധുവോട്ടും ക്രോസ് വോട്ടിങ്ങും തുണയായതോടെ അസമിലെ രണ്ട് സീറ്റുകൾ ബി.ജെ.പിയും സഖ്യകക്ഷിയായ യു.പി.പി.എല്ലും സ്വന്തമാക്കി.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഏഴ് കോൺഗ്രസ് എം.എൽ.എമാർ തങ്ങൾക്ക് വോട്ടുചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 126 അംഗ നിയമസഭയിൽ രണ്ട് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ നാലുവോട്ടിന്റെ കുറവുണ്ടായിരുന്നു ബി.ജെ.പിക്ക്. പ്രതിപക്ഷത്തിന് ഒരുസീറ്റിൽ വിജയിക്കാൻ സാധ്യതയുണ്ടായിരുന്നു. ബി.ജെ.പിയുടെ പവിത്ര മാർഗരിതയും യു.പി.പി.എല്ലിന്റെ റ്വങ്ക്ര നർസാരിയുമായിരുന്നു എൻ.ഡി.എ സ്ഥാനാർഥികൾ. എന്നാൽ പ്രതിപക്ഷം നിർത്തിയ കോൺഗ്രസിന്റെ സിറ്റിങ് എം.പി റിപുൺ ബോറക്ക് തോൽവി പിണഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 14ൽ 13 സീറ്റുകളും എൻ.ഡി.എയാണ് കൈയ്യാളുന്നത്. അസമിൽ നിന്നുള്ള ഒരുസീറ്റിൽ സ്വതന്ത്രനാണ് വിജയിച്ചത്.
നാഗാലാൻഡിൽ നിന്നുള്ള സീറ്റിൽ ബി.ജെ.പിക്ക് എതിരാളികളില്ലായിരുന്നു. നേരത്തെ ബി.ജെ.പി സഖ്യകക്ഷി എൻ.പി.എഫിന്റെ കൈവശമായിരുന്നു സീറ്റ്. നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ വനിതയായി എസ്. ഫാൻഗ്നോൻ കോൻയാക് ചരിത്രമെഴുതി. ത്രിപുരയിൽ സി.പി.എമ്മാണ് ബി.ജെ.പിയോട് തോറ്റത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ മാണിക് സാഹയാണ് ത്രിപുരയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചത്. സി.പി.എം സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ ഭാനുലാൽ സാഹയാണ് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.