അഴിമതി അവബോധത്തിൽ ഇന്ത്യ 81ാമത്
text_fieldsന്യൂഡൽഹി: 2017ൽ ലോകരാജ്യങ്ങളിലെ അഴിമതി അവബോധപ്പട്ടികയിൽ ഇന്ത്യ 81ാമത്. അഴിമതിക്കെതിരെ പോരാടുന്ന ആഗോള സന്നദ്ധസംഘടനയായ ട്രാൻസ്പരൻസി ഇൻറർനാഷനൽ 180 രാജ്യങ്ങളിൽ നടത്തിയ സർേവയിലാണ് രാജ്യം 81ാമതായത്. 2016ലെ സർവേയിൽ 176 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ 79ാമതായിരുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കൽ, അവിഹിത സ്വത്ത് സമ്പാദനം എന്നിവയിൽ ഏഷ്യ-പസഫിക് മേഖലയിൽ ‘കൊടുംകുറ്റവാളി’യുടെ സ്ഥാനമാണ് ഇന്ത്യക്കെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അഴിമതി അവബോധം അടിസ്ഥാനമാക്കി പൂജ്യം മുതൽ 100വരെ മാർക്കും രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 40 മാർക്കാണ് ഇന്ത്യക്ക്. 2015ൽ ലഭിച്ചത് 38 മാർക്കാണ്. 45 മാർക്കിൽ കുറവ് കിട്ടിയ രാജ്യങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ അഴിമതിക്കെതിരെ പോരാടിയ പത്തിൽ ഒമ്പത് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫിലിപ്പീൻസ്, ഇന്ത്യ, മാലദ്വീപ് എന്നീ രാജ്യങ്ങളാണ് അഴിമതിയിലും മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നതിലും മാധ്യമസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതിലും ഏറ്റവും മുന്നിൽ. മാധ്യമപ്രവർത്തക സംരക്ഷണ സമിതിയുടെ(സി.പി.ജെ) കണക്കനുസരിച്ച് കഴിഞ്ഞ ആറു വർഷത്തിനിടെ അഴിമതിക്കെതിരെ വാർത്തകളെഴുതിയ 15 മാധ്യമപ്രവർത്തകരാണ് ഇൗ രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്.
അഴിമതി അവബോധത്തിൽ ഏറ്റവും മുന്നിൽ ന്യൂസിലൻഡും ഡെന്മാർക്കുമാണ്. യഥാക്രമം 89, 88 മാർക്കാണ് ഇൗ രാജ്യങ്ങൾക്ക്. സിറിയ, ദക്ഷിണ സുഡാൻ, സോമാലിയ എന്നീ രാജ്യങ്ങൾ യഥാക്രമം 14,12, 9 വീതം മാർക്കുമായി ഏറ്റവും പിന്നിലാണ്. പട്ടികയിൽ 77ാമതുള്ള ചൈനക്ക് 41 മാർക്കാണ്. 96ാമതുള്ള ബ്രസീലിന് 37ഉം 135ാമതുള്ള റഷ്യക്ക് 29 മാർക്കുമുണ്ട്.
ചില എഷ്യ-പസഫിക് രാജ്യങ്ങളിൽ മാധ്യമപ്രവർത്തകരും പൗരാവകാശ പ്രവർത്തകരും പ്രതിപക്ഷനേതാക്കളും ഉദ്യോഗസ്ഥരുംവരെ കടുത്ത ഭീഷണിക്ക് ഇരയാകുന്നുവെന്നും ചിലർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സന്നദ്ധസംഘടനകൾക്കും മാധ്യമങ്ങൾക്കും ഏറ്റവും കുറവ് സംരക്ഷണമുള്ള രാജ്യങ്ങളാണ് അഴിമതിയിലും മുന്നിൽ നിൽക്കുന്നതെന്ന് സർവേ വിലയിരുത്തുന്നു. അഴിമതിക്കെതിരെ പൗരാവകാശ- മാധ്യമപ്രവർത്തകർക്ക് നിർഭയം ശബ്ദമുയർത്താൻ കഴിയുന്ന സാഹചര്യമുണ്ടാകേണ്ടതുണ്ടെന്നും അവർക്ക് പൂർണ സംരക്ഷണം നൽകാൻ നമുക്ക് കഴിയണമെന്നും ട്രാൻസ്പരൻസി ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ പട്രീഷ്യ മൊറെയ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.