നാഗാലാൻഡിൽ എൻ.ഡി.പി.പി -ബി.ജെ.പി സഖ്യം വീണ്ടും; റെക്കോഡ് നേട്ടത്തിലേക്ക് റിയോ
text_fieldsകൊഹിമ: തുടർച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രിപദമെന്ന റെക്കോഡ് നേട്ടത്തിന് അരികിലാണ് നാഗാലാൻഡിൽ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) നേതാവ് നെയ്ഫ്യു റിയോ. ബി.ജെ.പിയുമായി ചേർന്ന് കേവല ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്. എൻ.ഡി.പി.പിക്ക് 25ഉം ബി.ജെ.പിക്ക് 12ഉം സീറ്റാണുള്ളത്. കോൺഗ്രസിന്റെ എസ്.സി. ജാമിർ മൂന്നു വട്ടം നാഗാലാൻഡ് മുഖ്യമന്ത്രിയായിരുന്നു.
ആദ്യകാലത്ത് യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രന്റ് പ്രസിഡണ്ടായിരുന്നു 73കാരനായ നെയ്ഫ്യു . എട്ട് തവണ നിയമസഭയിൽ മത്സരിച്ച അദ്ദേഹം 1987ൽ ആദ്യ തവണ മാത്രമാണ് പരാജയം രുചിച്ചത്. അന്ന് സ്വതന്ത്രനായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്നു. 2002ൽ ജാമിർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. അതേവർഷം, കോൺഗ്രസ് വിട്ട് നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) പുനരുജ്ജീവിപ്പിച്ചു. 2003ൽ ജാമിറിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായി. 2008ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയപ്പോൾ പദവി തെറിച്ചു.
തുടർന്നുള്ള തെരഞ്ഞെടുപ്പിലും 2013ലും നെയ്ഫ്യു റിയോ എൻ.പി.എഫിന്റെ മുഖ്യമന്ത്രിയായി. 2014ൽ ലോക്സഭാംഗമായി ദേശീയ രാഷ്ട്രീയത്തിൽ പയറ്റിയ നെയ്ഫ്യു നാലു വർഷത്തിന് ശേഷം സംസ്ഥാനത്തേക്ക് തിരിച്ചെത്തി. എൻ.പി.എഫിൽ കലഹം വർധിച്ചപ്പോൾ പുതിയ പാർട്ടിയായ എൻ.ഡി.പി.പിയിൽ ചേരുകയായിരുന്നു.
എൻ.പി.എഫും ബി.ജെ.പിയും തമ്മിലുള്ള സഖ്യം പൊളിച്ച നെയ്ഫ്യു 2018ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്നു. ഇരുപാർട്ടികളും 60ൽ 30 സീറ്റുകളാണ് കഴിഞ്ഞ തവണ നേടിയത്. എൻ.പി.പിയുടെയും ജനതാദൾ യൂവിന്റെയും സ്വതന്ത്രരുടെയും സഹായത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. കഴിഞ്ഞതവണത്തെ പോലെ 40 സീറ്റിൽ നെയ്ഫ്യുവിന്റെ പാർട്ടി മത്സരിച്ചു. 20 സീറ്റ് ബി.ജെ.പിക്ക് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.