എൻ.ഡി.ടി.വി; അദാനി ലക്ഷ്യത്തിലേക്ക്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും മുൻനിര വ്യവസായിയുമായ ഗൗതം അദാനി ഏറ്റെടുക്കാൻ ഒരുങ്ങുന്ന ന്യൂഡൽഹി ടെലിവിഷന്റെ (എൻ.ഡി.ടി.വി) സ്ഥാപകരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർ പ്രമോട്ടർ കമ്പനി ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചു. ഇതെത്തുടർന്ന് സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ രവീഷ് കുമാറും രാജിവെച്ചു.
രാധിക റോയ് പ്രണോയ് റോയ് (ആർ.ആർ.പി.ആർ) ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനമാണ് ഇരുവരും രാജിവെച്ചത്. പ്രണോയ് റോയ് എൻ.ഡി.ടി.വി ചെയർമാനും രാധിക റോയ് എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്. ഹോൾഡിങ് കമ്പനി ഡയറക്ടർമാരായി സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നിയ ചെങ്കൽവാരയൻ എന്നിവരെ നിയമിച്ചതായും ബോംബെ, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ മാധ്യമ സംരംഭങ്ങളിൽ എഡിറ്റർ ഇൻ-ചീഫും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമാണ് പുഗാലിയ.
എൻ.ഡി.ടി.വിയിൽ ആർ.ആർ.പി.ആർ ഹോൾഡിങ്ങിനുള്ള 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ് വളഞ്ഞ വഴിയിൽ സ്വന്തമാക്കിയത് ആഗസ്റ്റ് 23നാണ്. അതിനുശേഷവും പ്രണോയ്-രാധിക എന്നിവർക്ക് ടെലിവിഷൻ സ്ഥാപനത്തിൽ 32.46 ശതമാനം ഓഹരിയുണ്ട്. അതേസമയം, എൻ.ഡി.ടി.വിയുടെ 26 ശതമാനം ഓഹരികൂടി വാങ്ങാനുള്ള നടപടികളിലാണ് അദാനി ഗ്രൂപ്.
അതനുസരിച്ച് ഈ മാസം 22ന് ഓപൺ ഓഫർ നടപടി തുടങ്ങി. താൽപര്യമുള്ളവർക്ക് ഡിസംബർ അഞ്ചുവരെ നിശ്ചിത വിലക്ക് ഓഹരി വിൽക്കാം. അത്രയും ഓഹരികൂടി കിട്ടിയാൽ അദാനി ഗ്രൂപ്പിന്റെ പൂർണ നിയന്ത്രണത്തിലാകും എൻ.ഡി.ടി.വി.
എൻ.ഡി.ടി.വി സ്ഥാപകരുടെ പിന്തുണയുള്ള ഒരു സ്ഥാപനം അദാനി ഗ്രൂപ്പിന് നിശ്ചിത ഓഹരികൾ തിങ്കളാഴ്ച കൈമാറിയിരുന്നു. അദാനി നൽകുന്നതിനോട് കിടപിടിക്കാവുന്ന വില നൽകിയാൽ ഈ ഓഹരി വാങ്ങാൻ പ്രണോയ് റോയിക്കും ഭാര്യക്കും കഴിയുമായിരുന്നു. എന്നാൽ, അവർക്ക് ഈ ഭാരിച്ച തുക വിപണിയിൽ ഇറക്കാൻ കഴിഞ്ഞില്ല. ഇതോടെ അദാനിയുടെ ഏറ്റെടുക്കൽ നടപടി ലക്ഷ്യത്തോട് അടുത്തു.
അദാനി ആഗസ്റ്റിൽ കൈയടക്കിയ വി.പി.സി.എൽ എന്ന കമ്പനിയിൽനിന്ന് ഒരു പതിറ്റാണ്ടുമുമ്പ് 400 കോടി രൂപ പലിശരഹിത വായ്പ എടുത്തപ്പോൾ നൽകിയ ഈടാണ് പ്രണോയ്-രാധിക ദമ്പതിമാർക്കുമുന്നിൽ ചതിയായി മാറിയത്. വായ്പത്തുകക്ക് തുല്യമായ 29.18 ശതമാനം എൻ.ഡി.ടി.വി ഓഹരി അങ്ങനെ അദാനി സമ്പാദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.