ഡൽഹി വംശഹത്യ: സാക്ഷിയാക്കിയ പൊലീസുകാരന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഡൽഹി കോടതി; മൂന്നുപേരെ വെറുതെ വിട്ടു
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹി വംശീയാതിക്രമത്തിൽ ഡൽഹി പൊലീസ് പ്രോസിക്യൂഷൻ സാക്ഷിയാക്കിയ കോൺസ്റ്റബിളിന്റെ വിശ്വാസ്യത വിചാരണക്കോടതി ചോദ്യം ചെയ്തു. കരാവൽ നഗർ റോഡിൽ ചന്ദു നഗറിൽ ദാനിഷ് എന്ന മുസ്‍ലിം വ്യാപാരിയുടെ കൊറിയർ സർവിസ് ഓഫിസ് കൊള്ളയടിച്ച് തീവെച്ചുവെന്ന് ഡൽഹി പൊലീസ് ആരോപിച്ച ആകിൽ അഹ്മദ്, റഹീസ് ഖാൻ, ഇർശാദ് എന്നിവർക്കെതിരെ 27ാം സാക്ഷിയായി ഹാജരാക്കിയ പിയൂഷ് എന്ന കോൺസ്റ്റബിളിന്റെ വിശ്വാസ്യതയാണ് അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല ചോദ്യം ചെയ്തത്. ഈ കേസിൽ ആകിൽ അഹ്മദ്, റഹീസ് ഖാൻ, ഇർശാദ് എന്നിവരെ വെറുതെ വിട്ട വിധിയിലാണ് അഡീഷനൽ സെഷൻസ് ജഡ്ജിയുടെ വിമർശനം.
പിയൂഷ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ സാക്ഷി മൊഴിയിലെയും ക്രോസ് വിസ്താരത്തിലെയും വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയ ഡൽഹി കോടതി, അദ്ദേഹത്തിന്റെ വിശ്വാസ്യത സംബന്ധിച്ച കോടതിയുടെ ആത്മവിശ്വാസത്തിന് ഇളക്കം തട്ടിയെന്ന് തുറന്നടിച്ചു. പിയൂഷിന്റെ സാക്ഷിമൊഴി അല്ലാതൊന്നും തെളിവായി പ്രോസിക്യൂഷൻ ഭാഗത്തില്ല. ഈ മൂന്ന് പേരുടെ പങ്കിനെ കുറിച്ച് അദ്ദേഹവും വ്യക്തമായി പറഞ്ഞിട്ടില്ല. 2020 മാർച്ച് അഞ്ചിന് ഒരിക്കൽ മാത്രം സാക്ഷിമൊഴി നൽകിയ പിയൂഷ് 2020 ഏപ്രിൽ 16ന് മൊഴി നൽകിയെന്ന ഡൽഹി പൊലീസിന്റെ വാദത്തിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. അക്രമം നടന്ന സമയം പോലും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. സംഭവം നടക്കുമ്പോൾ കലാപസ്ഥലത്ത് ഇല്ലാതിരുന്ന ഇവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആകിൽ അഹ്മദിന് വേണ്ടി ഹാജരായ അഡ്വ. മഹ്മൂദ് പ്രാച ബോധിപ്പിച്ചിരുന്നു. റഹീസ് ഖാൻ, ഇർശാദ് എന്നിവർക്ക് വേണ്ടി അഡ്വ. സലീം മാലിക് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.