ഒരു റൺവേയിൽ ഒരേ സമയം രണ്ട് വിമാനങ്ങൾ; രണ്ടും ഇന്ത്യയിലേക്ക് - ഒഴിവായത് വൻ ദുരന്തം
text_fieldsന്യൂഡൽഹി: ഒരു റൺവേയിൽ നിന്ന് പറന്നുയരാൻ ഒരേസമയം രണ്ട് വിമാനങ്ങൾ. കണ്ടുപിടിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം. ദുബൈ വിമാനത്താവളത്തിലാണ് ഇന്ത്യയിലേക്കുള്ള രണ്ട് ബോയിങ് 777 വിമാനങ്ങൾ ഒരേ റൺവേയിൽ നിന്ന് കുതിച്ചുയരാനൊരുങ്ങി ആശങ്ക പടർത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന സംഭവത്തെ കുറിച്ച് യു.എ.ഇ ഏവിയേഷൻ അതോറിറ്റി നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട് ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബൈയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിൻ്റെ ഇകെ -524 വിമാനവും ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സിൻ്റെ തന്നെ ഇകെ- 568 വിമാനവുമാണ് ഒരേ സമയം ഒരേ റൺവേയിൽ നിന്ന് പറന്നുയരാനൊരുങ്ങിയത്. ഈ മാസം ഏഴിന് രാത്രി 9.45ന് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു ഇവ. രണ്ട് വിമാനങ്ങൾ തമ്മിൽ ടേക്ക് ഓഫിന് അഞ്ച് മിനിറ്റിന്റെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നറിയുന്നു.
ദുബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാൻ വേണ്ടി റൺവേയിലേക്ക് തിരിയുമ്പോഴാണ് എതിരേ അതിവേഗത്തിൽ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി) ഇടപെട്ട് ടേക്ക് ഓഫ് മാറ്റിവെക്കുകയായിരുന്നു. മണിക്കൂറിൽ 240 കിലോമീറ്റർ (130 നോട്ട്സ്) വേഗതയിലായിരുന്നു ഈ വിമാനമെങ്കിലും ടേക്ക് ഓഫ് നിയന്ത്രിക്കാനായത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷിതമായി ടാക്സിവേയിലേക്ക് പ്രവേശിച്ച ദുബൈ-ഹൈദരാബാദ് വിമാനം അൽപ്പസമയത്തിനുശേഷം യാത്ര തുടരുകയും ചെയ്തു. സംഭവത്തെക്കുറിച്ച് യു.എ.ഇയിലെ എ.എ.ഐ.എസ്(Air Accident Investigation Sector) വിശദമായി അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.