ആടിന്റെ ജഡത്തിൽ വിഷം; നൂറോളം കഴുകന്മാർ ചത്ത നിലയിൽ
text_fieldsദിസ്പൂർ: അസമിലെ കാംരൂപ് ജില്ലയിൽ നൂറോളം കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് ഛയ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മിലൻപൂർ എന്ന സ്ഥലത്ത് കഴുകന്മാരുടെ ജഡം കണ്ടെത്തിയത്.
കഴുകന്മാർ ആടിന്‍റെ ജഡം കഴിച്ചിരുന്നുവെന്നും വിഷം കലർന്ന ഭക്ഷണം കഴിച്ചതാണ് പക്ഷികൾ കൂട്ടമായി ചത്തൊടുങ്ങിയതിന് കാരണമായതെന്നും വനപാലകർ സംശയം പ്രകടിപ്പിച്ചു. ഒരേസമയം ഇത്രയധികം കഴുകന്മാർ ജഡമായി കിടക്കുന്നത് ആദ്യമായാണ് താൻ കാണുന്നതെന്ന് കാരൂംപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) ദിംപി ബോറ പറഞ്ഞു.
'കഴുകന്മാർ ചത്തു വീണു കിടക്കുന്നതിന്‍റെ തൊട്ടടുത്ത് നിന്ന് ആടുകളുടെ ജഡവും കണ്ടെത്തിയിരുന്നു. അത് കഴിച്ചതിനാലാണ് പക്ഷികൾ ചത്തൊടുങ്ങിയതെന്നാണ് ഞങ്ങൾ കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമെ വ്യക്തത വരൂ. ആടിന്‍റെ ജഡത്തിൽ വിഷം കലർത്തിയ ആളെ ഞങ്ങൾ ഉടൻ അറസ്റ്റ് ചെയ്യും' - ബോറ വ്യക്തമാക്കി.
മുമ്പും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണത ആവർത്തിക്കാതിരിക്കാൻ നാട്ടുകാരെ ബോധവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.