ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം: ഇന്ത്യൻ വിദ്യാർഥികൾ കൂട്ടമായി നാടണഞ്ഞു
text_fieldsധാക്ക: ബംഗ്ലാദേശിൽ സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നു. വെള്ളിയാഴ്ച മാത്രം വടക്കു കിഴക്കൻ അതിർത്തികളിലൂടെ 998 ലേറെ വിദ്യാർഥികൾ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച മാത്രം 778 വിദ്യാർഥികൾ സുരക്ഷിതമായി ഇന്ത്യയിലെത്തി.
എം.ബി.ബി.എസ് വിദ്യാർഥികളാണ് മടങ്ങിയവരിൽ കൂടുതലും. അതിൽ തന്നെ ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ത്രിപുരയിലെയും മേഘാലയിലെയും തുറമുഖങ്ങൾ വഴിയാണ് വിദ്യാർഥികൾ മടങ്ങിയത്.
പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പൂർണമായും നിർത്തലാക്കി. ടെലിഫോൺ സേവനങ്ങൾ കൂടി പ്രതിസന്ധിയിലായതോടെയാണ് വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.7000 ത്തോളം ഇന്ത്യക്കാർ ബംഗ്ലാദേശിലുണ്ടെന്നാണ് കണക്ക്.കഴിഞ്ഞ ആഴ്ച മുതലാണ് രാജ്യത്ത് വിദ്യാർഥി പ്രക്ഷോഭം തുടങ്ങിയത്. പ്രതിഷേധത്തിൽ നിരവധി വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായി.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണമുൾപ്പെടെ സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണുള്ളത്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. 2018ൽ ഈ ക്വാട്ട സംവരണം റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം കോടതി ക്വാട്ട പുനഃസ്ഥാപിച്ചു. പ്രക്ഷോഭത്തെ നേരിടാൻ രാജ്യം മുഴുവൻ സൈന്യത്തെ വിന്യസിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന കർഫ്യൂവും പ്രഖ്യാപിച്ചു. ശനിയാഴ്ച രണ്ടുമണിക്കൂർ കർഫ്യൂവിന് ഇളവ് നൽകി. ഞായറാഴ്ച സർക്കാർ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.