'കടമകൾ നിർവഹിക്കാത്ത ഭാര്യയെ തല്ലുന്നതിൽ കുഴപ്പമില്ല; ഗാർഹികപീഡനത്തെ രാജ്യത്തെ പകുതിയോളം സ്ത്രീകളും പുരുഷന്മാരും അനുകൂലിക്കുന്നു'
text_fieldsബംഗളൂരു: ഇന്ത്യയിലെ പകുതിയോളം സത്രീകളും പുരുഷന്മാരും ഗാർഹിക പീഡനത്തെ അനുകൂലിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ ഫലം. ഭാര്യക്ക് കൽപിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റിയില്ലെങ്കിൽ അവരെ ശാരീരികമായി ആക്രമിക്കുന്നതിൽ തെറ്റില്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. കർണാടകയിലെ ബഹുഭൂരിപക്ഷം പേരും ഇതിലുൾപ്പെടുന്നുണ്ടെന്ന് ദേശീയ ദിനപത്രമായ ഡെക്കാന്‍ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 76.9 ശതമാനം സ്ത്രീകളും 81.9 ശതമാനം പുരുഷന്മാരും ഗാർഹിക പീഡനത്തെ അനുകൂലിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, രാജ്യത്തുടനീളം 45 ശതമാനം സ്ത്രീകളും 44 ശതമാനം പുരുഷന്മാരും ഗാർഹിക പീഡനത്തോട് യോജിക്കുന്നുണ്ട്. തെലങ്കാന (83.8 ശതമാനം സ്ത്രീകളും 70.8 ശതമാനം പുരുഷന്മാരും), ആന്ധ്രപ്രദേശ് (83.6 ശതമാനം സ്ത്രീകളും 66.5 ശതമാനം പുരുഷന്മാരും) എന്നിങ്ങനെയുള്ള കണക്കുകളിൽ നിന്ന് ദക്ഷിണേന്ത്യയിലെ കൂടുതൽ പേരും ഗാർഹികപീഡനം ശരിയാണെന്ന് അഭിപ്രായപ്പെടുന്നവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഭർത്താവിനോട് പറയാതെ പുറത്തുപോവുന്നത്, പാചകം ചെയ്യാത്തത്, വിശ്വസ്തത നഷ്ടപ്പെടുത്തുന്നത്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങളിൽ ഭാര്യയെ തല്ലുന്നതിൽ കുഴപ്പമില്ലെന്നാണ് ചോദ്യാവലിക്ക് അനുസൃതമായി സർവേയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
എന്നാൽ, സ്ത്രീകൾ വീടിനുള്ളിൽ ആക്രമിക്കപ്പെടുന്നതിനെ സാധാരണവത്ക്കരിക്കുന്ന സമീപനമാണ് ഇത് വെളിപ്പെടുത്തുന്നതെന്നും ഈ സർവേയുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയുന്നതായും സെന്റർ ഫോർ സോഷ്യൽ റിസർച്ചിലെ രഞ്ജന കുമാരി പറഞ്ഞു. ഭക്ഷണം പാകം ചെയ്യുക, കുട്ടികളെ പരിപാലിക്കുക മുതലായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഗാർഹിക പീഡനം ശരിയാണെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് വിവരശേഖരണം നടന്നതെന്ന് രഞ്ജന കുമാരി കുറ്റപ്പെടുത്തി.
സ്ത്രീകളെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന വിവരശേഖരണത്തിൽ ഗാർഹിക പീഡന നിയമത്തെക്കുറിച്ച് എത്ര സ്ത്രീകൾക്ക് അറിയാമെന്ന ചോദ്യം ഉൾപ്പെടുതാത്തതും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനെ കുറിച്ചും ഗാർഹിക പീഡന നിയമത്തെക്കുറിച്ചും അവബോധം നൽകുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടാകേണ്ടതെന്നും രഞ്ജന കുമാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.