രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യം -എയിംസ് മേധാവി
text_fieldsന്യൂഡൽഹി: രാജ്യത്തെ അനുദിനം പ്രതിസന്ധിയിലാക്കുന്ന കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ കടുത്ത ലോക്ഡൗൺ ആവശ്യമാണെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയുടെ ആരോഗ്യ മേഖല അതിന്‍റെ പരമാവധിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 10ൽ കൂടിയ മേഖലകളിൽ, കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ പോലെ കടുത്ത ലോക്ഡൗൺ ഏർപ്പെടുത്തണം -അദ്ദേഹം പറഞ്ഞു.
യു.പി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ, വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയവ ഫലപ്രദമല്ലെന്നാണ് തെളിയുന്നത്. രോഗബാധിതരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇത്തരമൊരു വ്യാപനത്തെ കൈകാര്യം ചെയ്യാൻ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കടുത്ത നിയന്ത്രണങ്ങളോ ലോക്ഡൗണോ ആണ് പരിഹാരം.
രണ്ടാം തരംഗത്തിന് മുമ്പ് നമ്മൾ ആത്മവിശ്വാസത്തിലായിരുന്നു. വാക്സിനുകൾ വരുന്നു, രോഗബാധിതരുടെ എണ്ണം കുറയുന്നു. കോവിഡ് ഇനിയൊരു പ്രശ്നമാകില്ലെന്ന് എല്ലാവരും കരുതി. കോവിഡ് മാനദണ്ഡങ്ങൾ പലരും മറന്നു -അദ്ദേഹം പറഞ്ഞു.
ബത്ര ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച 12 പേരിൽ ഉൾപ്പെട്ട ഡോ. ആർ.കെ. ഹിംതാനിയുടെ വേർപാട് തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ ആവശ്യമാണെന്ന് നേരത്തെയും ഡോക്ടർ ഗുലേറിയ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വായുവിലൂടെയും പടർന്നേക്കാമെന്ന മുന്നറിയിപ്പും ഇദ്ദേഹം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.