ആസാദി വരില്ല; കശ്മീരി യുവാക്കൾക്ക് സൈന്യത്തെ എതിരിടാനാവില്ല -ബിപിൻ റാവത്ത്
text_fieldsന്യൂഡൽഹി: കശ്മീരിന് സ്വാതന്ത്ര്യം (ആസാദി) എന്ന ആവശ്യം നടപ്പുള്ള കാര്യമല്ലെന്നും സൈന്യത്തോട് പൊരുതി നിൽക്കാൻ കഴിയില്ലെന്ന് കശ്മീർ യുവാക്കൾ തിരിച്ചറിയണമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. ‘‘യുവാക്കൾ തോക്കെടുക്കുന്നതിൽ ആശങ്കയുണ്ട്. തോക്കെടുത്താൽ ‘ആസാദി’ കിട്ടുമെന്ന് മോഹിപ്പിക്കുന്നവർ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരോട് സൈന്യം പൊരുതും’’ -റാവത്ത് പറഞ്ഞു. ‘ദ ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിലാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ എണ്ണത്തിനൊന്നും സൈന്യം വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് ബിപിൻ റാവത് കൂട്ടിച്ചേർത്തു. അത്തരം സംഭവങ്ങൾ തുടരുമെന്ന് അറിയാം. പുതിയ റിക്രൂട്ട്മെൻറുകൾ നടക്കുന്നു. എന്നാൽ, അതൊക്കെയും വ്യർഥമാണെന്നു മാത്രമാണ് പറയാനുള്ളത്. ഒന്നും നേടാൻ കഴിയില്ല. അവർക്ക് സൈന്യത്തോട് പൊരുതിനിൽക്കാൻ കഴിയില്ല.
കൊലപാതകങ്ങൾ സൈന്യം ആസ്വദിക്കുകയല്ല. എന്നാൽ, പോരാടാനാണ് ഭാവമെങ്കിൽ, സകല ശക്തിയുമെടുത്ത് നേരിടും. സുരക്ഷാസേന കടുത്ത ക്രൂരത കാട്ടുന്നില്ലെന്ന് കശ്മീരികൾ തിരിച്ചറിയണം. സിറിയയിലേക്കും പാകിസ്താനിലേക്കും നോക്കുക. സമാനമായ സാഹചര്യങ്ങളിൽ ടാങ്കും വിമാനവുമൊക്കെ അവർ ഉപയോഗിക്കുന്നുണ്ട്. കടുത്ത പ്രകോപനം ഉണ്ടെങ്കിലും സാധാരണക്കാർ കൊല്ലപ്പെടാതിരിക്കാൻ ഇന്ത്യൻ സേന പരമാവധി ശ്രമിക്കുന്നുണ്ട്.
യുവാക്കൾ രോഷത്തിലാണെന്ന് അറിയാം. പക്ഷേ, സേനയെ ആക്രമിക്കുന്നതും കല്ലെറിയുന്നതും ഒരു വഴിയല്ല. സമാധാനം തിരിച്ചുവരുക എന്നതാണ് കശ്മീരിലെ വെല്ലുവിളി. സൈന്യത്തിെൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ വൻതോതിൽ ജനങ്ങൾ ഇറങ്ങുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ആരാണ് അവരെ ഇളക്കിവിടുന്നത്? തീവ്രവാദികൾ കൊല്ലപ്പെടരുതെന്നാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ, ആയുധമില്ലാതെ ഇറങ്ങാൻ തീവ്രവാദികളോട് ജനം പറയെട്ട. അവരെ പുറത്തുകൊണ്ടുവരാമെന്ന് പറയാൻ ആരെങ്കിലും തയാറുണ്ടെങ്കിൽ, സൈനിക നടപടി നിർത്തിവെക്കാം.
സൈന്യത്തിെൻറ പ്രവർത്തനം തടസ്സപ്പെടുത്തി ഭീകരർ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാക്കുന്നത് അനുവദിക്കാൻ കഴിയില്ല. കല്ലെറിഞ്ഞും മറ്റും സുരക്ഷാസേനയെ പ്രകോപിപ്പിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. 2016 ജൂലൈ വരെ എല്ലാം നല്ല നിലക്കായിരുന്നു. ഒരു ഏറ്റുമുട്ടലിെൻറ പേരിൽ ജനം ഇത്രത്തോളം പ്രകോപിതരാകുന്നത് എന്തിനാണ്? ആ ഏറ്റുമുട്ടലിലാണ് ഹിസ്ബുൽ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ടത്. ദിവസങ്ങൾക്കകം കാര്യങ്ങൾ തകിടം മറിഞ്ഞു. തെക്കൻ കശ്മീരിലാകെ ജനം തെരുവിലിറങ്ങി, കല്ലെറിഞ്ഞു. സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു. സ്വാതന്ത്ര്യം അകലെയല്ലെന്ന് ജനം പറയുന്നുവെന്ന സന്ദേശങ്ങൾ തനിക്ക് കിട്ടുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു പഠിപ്പിച്ച കാര്യമാണത്.
യുവാക്കൾ പാകിസ്താെൻറ കെണിയിൽപെടുകയായിരുന്നു. സൈന്യത്തെ ആക്രമിക്കാൻ ചെറുപ്പക്കാരെ ഇളക്കിവിട്ടു. സൈന്യം ആക്രമിക്കപ്പെട്ടു. ഇത് അനുവദിക്കാനാവില്ല. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യം ബാധ്യസ്ഥമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.