മഹാരാഷ്ട്ര: ബി.ജെ.പിയുമായി അകലുന്നുവെന്ന സൂചന നൽകി പങ്കജ മുണ്ഡെ
text_fieldsമുംബൈ: പാർട്ടിയുമായി അകലുന്നുവെന്ന സൂചന നൽകി ബി.െജ.പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ പങ്കജ മുണ്ഡെ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ മനംമാറ്റത്തിന്‍റെ സൂചന നൽകിയത്. തനിക്ക് ചിന്തിക്കാൻ സമയം നൽകണമെന്നും ഡിസംബർ 12ന് മുമ്പായി തീരുമാനമുണ്ടാകുമെന്നും പങ്കജ മുണ്ഡെ പറയുന്നു. തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് ബി.ജെ.പി ബന്ധം ഇവർ നീക്കുകയും ചെയ്തു.
അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ഡെയുടെ മകളാണ് പങ്കജ. പിതാവിന്‍റെ 60ാം ജന്മവാർഷികമായ ഡിസംബർ 12ന് മുമ്പ് പുതിയ രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് ഇവർ സൂചന നൽകുന്നത്.
മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നോട്ടുള്ള യാത്രയിൽ ചിന്തിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. അടുത്തതായി എന്ത് ചെയ്യണം? ഏത് വഴി തെരഞ്ഞെടുക്കണം? ജനങ്ങൾക്ക് എന്ത് നൽകാൻ സാധിക്കും? സ്വയം ചിന്തിക്കാൻ തനിക്ക് ദിവസങ്ങൾ വേണം -പങ്കജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
40കാരിയായ പങ്കജ കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പാർലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും അർധസഹോദരനും എൻ.സി.പി നേതാവുമായ ധനഞ്ജയ് മുണ്ഡെയോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, പങ്കജ മുണ്ഡെ പാർട്ടിയുമായി അകലുന്നുവെന്ന അഭ്യൂഹം ബി.ജെ.പി വക്താവ് ഷിറീഷ് ബൊറാൽക്കർ തള്ളി. ഫേസ്ബുക്ക് പോസ്റ്റിൽ അത്തരത്തിലുള്ള യാതൊരു സൂചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.