'ഹരിയാനയിൽ എൻ.ഡി.എക്ക് ആഘാതമേൽപ്പിക്കണം'; കർഷക കരുത്തിൽ കിസാൻ പഞ്ചായത്ത്
text_fieldsന്യൂഡൽഹി: കർഷക കരുത്ത് തെളിയിച്ച് ഹരിയാനയിൽ 'കിസാൻ പഞ്ചായത്ത്'. ഞായറാഴ്ച ഛർഖി ദാദ്രിക്ക് സമീപത്തെ ടോൾ പ്ലാസയിൽ 50,000ത്തിൽ അധികം കർഷകരാണ് ഒത്തുകൂടിയത്.
സംയുക്ത കിസാൻ മോർച്ച നേതാക്കളായ ദർശൻ പാൽ, ബൽബീർ സിങ് രജേവാൾ, ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് തുടങ്ങിയവർ മഹാപഞ്ചായത്തിന് നേതൃത്വം നൽകി.
കർഷക നേതാക്കളുടെ താൽപര്യത്തിന് പുറത്തല്ല കർഷക പ്രക്ഷോഭം ആരംഭിച്ചതെന്നും രാജ്യത്തെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമായതെന്നും ദർശൻ പാൽ പറഞ്ഞു.
ഹരിയാന ഭരിക്കുന്ന കർഷക വിരുദ്ധ സർക്കാറിനെ പുറത്താക്കണമെന്നും എൻ.ഡി.എ സഖ്യത്തിന് ആഘാതം ഏൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാന സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും ഇത് കേന്ദ്ര സർക്കാറിനെ നേരിട്ട് ബാധിക്കുമെന്നും ബൽബീർ സിങ് രജേവാൾ പറഞ്ഞു. 1947ൽ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണ് ലഭിച്ചത്. നമുക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ലഭിക്കണം. കേന്ദ്ര സംസ്ഥാന സർക്കാറുകൾ നമ്മെ എന്നും വലിയ കമ്പനികളുടെ അടിമകളാക്കി നിർത്താൻ ആഗ്രഹിക്കുന്നു. ഹരിയാന സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തണം. അതിലൂടെ കേന്ദ്ര സർക്കാറിനെയും സമ്മർദ്ദത്തിലാക്കാം -രജേവാൾ പറഞ്ഞു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം പരാജയമല്ല. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ 'ഖർ വാപസി' (വീട്ടിലേക്ക് മടക്കം) ഉണ്ടാകില്ലെന്നും രാകേഷ് ടികായത്ത് ആവർത്തിച്ചു. കർഷകരുടെ പ്രേക്ഷാഭത്തിൽ ഖാപ് പഞ്ചായത്തുകളുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണം, വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണം, അറസ്റ്റ് ചെയ്ത കർഷകരെ പുറത്തുവിടണം -തുടങ്ങിയ ആവശ്യങ്ങൾ രാകേഷ് ടികായത്ത് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.