യുക്രെയ്ൻ പ്രതിസന്ധി: രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അശോക് ഗെലോട്ട്
text_fieldsജയ്പൂർ: യുക്രെയ്ൻ പ്രതിസന്ധിയിൽനിന്ന് പാഠമുൾക്കൊണ്ട് രാജ്യത്തെ മെഡിക്കൽ കോളജുകളുടെയും മെഡിക്കൽ സീറ്റുകളുടെയും എണ്ണം വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതരായ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ഇത് കണക്കിലെടുത്ത് അനുകൂലമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമങ്ങളിൽ മാറ്റം വരുത്തി കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ സർക്കാർ-സ്വകാര്യ മേഖലകളെ അനുവദിക്കണമെന്ന് ഗെലോട്ട് നിർദേശിച്ചു.
ചൈന, നേപ്പാൾ, യുക്രെയ്ൻ, റഷ്യ, കിർഗിസ്താൻ, കസാഖ്സ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പഠന ചിലവ് കുറവായതിനാൽ ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് മെഡിക്കൽ പഠനത്തിന് വേണ്ടി ഇത്തരം വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. എന്നാൽ തിരികെ എത്തുമ്പോൾ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ നടത്തേണ്ടിവരുന്നു. ഇത്തരം പരീക്ഷകളിൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും വിജയിക്കാൻ കഴിയുന്നില്ല. ഭാഷാപരവും പഠന രീതികളിലെ വ്യത്യാസവും കാരണം മെഡിക്കൽ പ്രാക്ടീസിനുള്ള അവസരം നഷ്ടപ്പെടുകയാണ്. വിദ്യാർഥികൾക്ക് സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ യു.പി.എ സർക്കാർ തുടങ്ങി വച്ച പദ്ധതി പ്രകാരം എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നത് എൻ.ഡി.എ സർക്കാരിന്‍റെ നേതൃത്വത്തിൽ തുടരുന്നുണ്ട്. എന്നാൽ, ജില്ലയിൽ ഒരു മെഡിക്കൽ കോളജെന്ന ആശയത്തിൽ തങ്ങൾ തൃപ്തരല്ല. വിദ്യാർഥികൾ പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി സമഗ്രമായ ചർച്ച നടത്തണം. ഇത് രാജ്യത്തിന്റെ പണം ലാഭിക്കാനും മെഡിക്കൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഗെലോട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.