നീറ്റ് മാറ്റിവെക്കില്ല; വിദേശത്തുനിന്ന് വരുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: ഗൾഫിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാനോ പരീക്ഷ മാറ്റിവെക്കാനോ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ പരീക്ഷ സെൻറർ അനുവദിക്കുകയോ പരീക്ഷ നീട്ടിവെക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖത്തർ കെ.എം.സി.സി, ഒമ്പത് രക്ഷിതാക്കൾ എന്നിവർ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി എം.സി.ഐയുടെ നിലപാട് ആരാഞ്ഞിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് സെൻറർ അനുവദിക്കാനാവില്ലെന്നും പരീക്ഷ നീട്ടിവെക്കാനാവില്ലെന്നും എം.സി.ഐ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.
പലതവണ മാറ്റിെവച്ച പരീക്ഷ ഇനിയും നീട്ടിയാൽ നീറ്റ് അക്കാദമിക് കലണ്ടർ തകിടം മറിയും. പ്രവേശന നടപടികളും വൈകും. അങ്ങനെ സംഭവിച്ചാൽ ഈ വർഷം പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ പരിശീലനമോ നൽകാനാവില്ല. ജെ.ഇ.ഇ പരീക്ഷ പോലെ വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാൻ കഴിയില്ല. ബുക്ക്ലെറ്റിലൂടെ ഒരേസമയം രാജ്യത്തെ എല്ലാ വിദ്യാർഥികളുമെഴുതുന്ന പരീക്ഷക്ക് രാജ്യത്തിന് പുറത്ത് ഗൾഫിൽ കേന്ദ്രങ്ങൾ അനുവദിക്കണമെങ്കിൽ സൂക്ഷ്മമായ ആസൂത്രണം ആവശ്യമാണ്. ഇനി അതിന് സമയമില്ലെന്നും എം.സി.ഐ വ്യക്തമാക്കി. പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിയും ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ, നീറ്റ് എഴുതാൻ വിദേശത്തുനിന്ന് വരുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ക്വാറൻറീൻ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേരളം ഉൾെപ്പടെ ചില സംസ്ഥാനങ്ങൾ വിദേശത്തുനിന്ന് വരുന്നവർക്ക് 28 ദിവസം ക്വാറൻറീനാണ് നിർദേശിച്ചിരിക്കുന്നതെന്ന് കെ.എം.സി.സിക്ക് അഭിഭാഷകൻ ഹാരിസ് ബീരാൻ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കി. ഈ ആവശ്യം സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.