നീറ്റ് സാമൂഹിക നീതിക്കെതിരായ കടന്നാക്രമണം -എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ സാമൂഹ്യ നീതിക്കെതിരായ കടന്നാക്രമണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വംശീയവും ഭാഷാപരവും സാംസ്കാരികമായ വൈവിധ്യങ്ങളും സംരക്ഷിക്കുന്ന അടിസ്ഥാന ആശയമാണ് ഫെഡറലിസം. നീറ്റ് ഭരണഘടനാപരമായ സംവിധാനമല്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മുന്നോട്ട് വെച്ച ആശയം മാത്രമാണ്. 2010ൽ നീറ്റ് പരീക്ഷ നിർദേശിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി എതിർത്തിരുന്നു. 2013ൽ സുപ്രീം കോടതി പോലും നീറ്റ് പരീക്ഷയെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്ത് നീറ്റ് പരീക്ഷ നിർത്തലാക്കുന്ന സ്ഥിതിവിശേഷമുണ്ടായെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് നീറ്റ് എന്ന ഭരണഘടനാ വിരുദ്ധ പരീക്ഷ വീണ്ടും ആരംഭിച്ചത്. വലിയ തുക മുടക്കി നീറ്റ് പ്രവേശനത്തിന് പരിശീലനം തേടാൻ സാധിക്കാത്ത വിദ്യാർഥികൾക്കു വേണ്ടിയാണ് സർക്കാർ നീറ്റ് നിരോധന ബിൽ കൊണ്ടുവന്നത്. ഡോക്ടറാകണമെന്ന സാധാരണക്കാരന്‍റെ സ്വപ്നത്തിന് തടയിടുകയാണ് നീറ്റ്. മെറിറ്റ് എന്ന കപടവേഷം കെട്ടി ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികളെ പാർശ്വവത്കരിക്കുകയാണ് നീറ്റ് ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു. കുട്ടികളെ ജയിലിലേക്കും കല്ലറകളിലേക്കും തള്ളിയിട്ട നീറ്റ് പരീക്ഷ രാജ്യത്തിന് അനിവാര്യമാണോയെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തികമായും ജാതീയമായും പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ 2021 ജൂൺ 19ന് വിരമിച്ച ഹൈക്കോടതി ജഡ്ജി എ.കെ രാജന്‍റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചായിരുന്നു സമിതി അന്ന് റിപ്പോർട്ട് തയ്യാറാക്കിയത്.സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ ഗവർൺമെന്‍റ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് തമിഴ് മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു സമിതി വ്യക്തമാക്കിയത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സമിതി രൂപീകരിക്കുകയും, വിശദമായ പഠനത്തിന് നിർദ്ദശം നൽകുകയും ചെയ്തത്. പഠന റിപ്പോർട്ടിൽ സൂക്ഷമ പരിശോധന നടത്തിയ ശേഷമാണ് നീറ്റ് നിരോധന ബിൽ നിയമസഭയിൽ കൊണ്ടു വന്നതും, ശബ്ദവോട്ടോടെ ഏകകണ്ഠേന പാസ്സാക്കിയതും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു മോഡ്ൺ ഡെന്‍റൽ കോളേജും മധ്യപ്രദേശ് സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്. സമാന കേസിൽ ജസ്റ്റിസ് ഭാനുമതി പുറപ്പെടുവിച്ച വിധിയിലും വിദ്യാർഥികളുടെ പ്രവേശനം സംബന്ധിച്ച നിയമങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിധിയിലായിരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഭരണഘടനയനുസരിച്ച് സർക്കാരുകൾക്ക് ഏത് നിയമ വ്യവസ്ഥയും ഉണ്ടാക്കാം.
എന്നാൽ അതു സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ അവകാശങ്ങൾക്കു വേണ്ടിയാകണം. ഭരണഘടന വിവേചനത്തിന് എതിരാണ്. എന്നാൽ നീറ്റ് വിവേചനപരമാണ്. ഭരണഘടന സാമൂഹിക നീതിക്ക് ഊന്നൽ നൽകിയിട്ടുണ്ട്. നീറ്റ് അതിനെതിരാണ്. സമ്പന്നർക്ക് അനുകൂലമാണ് നീറ്റ് പരീക്ഷയെന്ന് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്. ഭരണഘടനയുടെ എല്ലാ മൗലികാവകാശങ്ങൾക്കും എതിരായതു കൊണ്ടാണ് നീറ്റ് ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
സംസ്ഥനത്തിന് ഭഗണഘടന അനുശാസിക്കുന്ന അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നീറ്റ് നിരോധന ബില്ല് ഗവർണർക്ക് കൈമാറിയത്. ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറേണ്ടത് ഗവർണറുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.