നീറ്റ് ക്രമക്കേട്: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ
text_fieldsന്യൂഡല്‍ഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ജൂൺ 19,20 തിയതികളിൽ ഇടതു വിദ്യാർഥി സംഘടനകൾ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. പണിമുടക്കിന് ഇൻഡ്യ സഖ്യം പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചന.
പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയുടെ സത്യസന്ധതയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളുയരുന്നതായി കോൺഗ്രസ് ആരോപിച്ചു. പുതിയ പാർലമെന്റ് സമിതികളുണ്ടാക്കുമ്പോൾ അവർ ഇൗ വിഷയങ്ങൾ പരിശോധിക്കുമെന്ന് കരുതുന്നതായും നീറ്റിനെക്കുറിച്ച് തമിഴ്നാട് ഉയർത്തിവരുന്ന പ്രശ്നങ്ങളും പരിശോധിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. പരീക്ഷാ കേന്ദ്രത്തിൽ സമയം നഷ്ടമായെന്ന് കാണിച്ച് നിരവധിപേർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നു. തെറ്റായ ചോദ്യപേപ്പർ വിതരണം ചെയ്തു, കീറിയ ഒ.എം.ആർ ഷീറ്റ് നൽകി, ഷീറ്റുകൾ വിതരണം ചെയ്യാൻ വൈകി എന്നിങ്ങനെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് വിദ്യാർഥി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.