നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം വ്യാപകമെന്ന് സംശയം: കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ രണ്ട് വിദ്യാർഥികൾ പ്രവേശനം നേടി
text_fieldsകോയമ്പത്തൂർ: നീറ്റ് പരീക്ഷയിലെ ആൾമാറാട്ടം വ്യാപകമെന്ന സംശയം ബലപ്പെടുന്നു. തേനി ഗവ. മെഡിക്കൽ കോളജിൽ ഇത്തരത്തിൽ അനധികൃത പ്രവേശനം നേടിയ വിദ്യാർഥിയെയും കുടുംബാം ഗങ്ങളെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കോയമ്പത്തൂരി ലെ പി.എസ്.ജി മെഡിക്കൽ കോളജിലെ രണ്ട് വിദ്യാർഥികളും ആൾമാറാട്ടം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയത്. നാഷനൽ ടെസ്റ്റിങ് ഏജൻസി അനുവദിച്ച നീറ്റ് സ്കോർ കാർഡിലും ഡയറക്ടറേറ്റ് ഒാഫ് മെഡിക്കൽ എജുക്കേഷെൻറ (ഡി.എം.ഇ) സെലക്ഷൻ പാനൽ നൽകിയ അഡ്മിറ്റ് കാർഡിലുമുള്ള ഫോേട്ടാകൾ വ്യത്യസ്തമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് തെളിഞ്ഞത്. തേനി സംഭവത്തെതുടർന്ന് മുഴുവൻ മെഡിക്കൽ കോളജുകളിലും ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധിക്കാൻ ഡി.എം.ഇ ഉത്തരവിട്ടിരുന്നു.
ഇതോടെ ധർമപുരി, കാഞ്ചിപുരം ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽനിന്നുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് സംശയനിഴലിലായത്. തമിഴ്നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റിയാണ് ഇവർക്ക് മെഡിക്കൽ പ്രവേശന കൗൺസലിങ്ങിനുള്ള യോഗ്യത സർട്ടിഫിക്കറ്റ് അനുവദിച്ചത്. ഇരുവിദ്യാർഥികളെയും ചെന്നൈ കീഴ്പാക്കത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഒാഫിസിലേക്ക് തെളിവെടുപ്പിനായി വിളിപ്പിച്ചിട്ടുണ്ട്.
നീറ്റ് നടപ്പാക്കിയശേഷം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം പ്രത്യേക സെലക്ഷൻ കമ്മിറ്റിയാണ് നിയന്ത്രിച്ചിരുന്നതെന്നും ആൾമാറാട്ടം ഉൾപ്പെടെയുള്ളവ കണ്ടെത്തേണ്ട ബാധ്യത കമ്മിറ്റിക്കാണെന്നും പി.എസ്.ജി മെഡിക്കൽ കോളജ് ഡീൻ ഡോ. എസ്. രാമലിംഗം പറഞ്ഞു. അതിനിടെ, ആൾമാറാട്ട പ്രശ്നം ഒതുക്കിത്തീർക്കാനും ഉന്നതതലങ്ങളിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുണ്ട്.
തേനി മെഡിക്കൽ കോളജിൽ പ്രവേശനം നേടി ഒളിവിൽപോയ ചെന്നൈ തണ്ടയാർപേട്ട തിരുവൊറ്റിയൂർ ദേശീയപാതയിലെ സ്വകാര്യ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന ഉദിത് സൂര്യയെയും (21) കുടുംബാംഗങ്ങളെയും ബുധനാഴ്ച തിരുപ്പതിയിലാണ് തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ പരീക്ഷകേന്ദ്രത്തിലാണ് ഉദിത് സൂര്യക്കുവേണ്ടി മറ്റൊരാൾ പരീക്ഷ എഴുതിയത്. ആൾമാറാട്ടവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ശൃംഖല പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.