നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈകോടതികൾ വിശദീകരണം തേടി
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) ഫലത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈകോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസലിങ് നടപടികൾ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ആകെ 720ൽ 719, 718 മാർക്കുകൾ പലർക്കും ലഭിച്ചത് ചോദ്യം ചെയ്താണ് കൽക്കട്ട ഹൈകോടതിയിലെ ഹരജി. ഗ്രേസ് മാർക്ക് നൽകുന്നതിലെ മാനദണ്ഡങ്ങളിൽ പിഴവുണ്ടെന്നാണ് ആരോപണം. മെറിറ്റ് ലിസ്റ്റ് തയാറാക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗ്രേസ് മാർക്ക് നൽകുന്ന രീതി എങ്ങനെയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം 10 ദിവസത്തിനകം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഹരജി രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉത്തരസൂചികയിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് വിദ്യാർഥിനി ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടശേഷം രണ്ട് ശരിയുത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്കെതിരാണെന്ന് വിദ്യാർഥിനിയുടെ അഭിഭാഷകൻ വാദിച്ചു. വിശദീകരണം തേടിയ കോടതി ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
അതേസമയം, വിഷയത്തിൽ വിശദ പരിശോധന നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എൻ.ടി.എയിൽനിന്ന് വിവരങ്ങൾ തേടി. പരീക്ഷയിൽ അട്ടിമറി ഉണ്ടായിട്ടില്ലെന്നും വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് എൻ.ടി.എയുടെ നിലപാട്. പ്രതിഷേധം കനത്തതോടെ വിഷയം രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. നീറ്റ് ഉൾപ്പെടെ പല പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ചയും കൃത്രിമത്വവും അഴിമതിയും ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നുവെന്നും സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിറങ്ങുമെന്ന് കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ ചുമതലയുള്ള കനയ്യ കുമാർ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിവിധ വിദ്യാർഥി സംഘടനകളും അറിയിച്ചു.
യുവാക്കളുടെ ഭാവി വെച്ചാണ് ബി.ജെ.പി കളിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണ് നീറ്റ് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകളെന്ന് പ്രിയങ്ക ഗാന്ധി ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.