നീറ്റ് ക്രമക്കേട്: പരിശോധിക്കാൻ നാലംഗ സമിതി; ഒരാഴ്ചക്കകം റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്-യു.ജി ഫലത്തിലെ അപാകതയിൽ പ്രതിഷേധം കനത്തതോടെ ആരോപണങ്ങൾ പരിശോധിക്കാൻ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതി രൂപവത്കരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരാതികൾ പരിശോധിച്ച് സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ് അറിയിച്ചു. വീണ്ടും പരീക്ഷ വേണോ എന്ന കാര്യം സമിതി തീരുമാനിക്കും.
ആറ് സെന്ററുകളിലായി 1,600 വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാർക്ക് ലഭിച്ചതുൾപ്പെടെയുള്ള പരാതികളാണ് സമിതി പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം തെറ്റാണെന്നും വിശ്വാസ്യത ഉറപ്പാക്കിയിട്ടാണ് പരീക്ഷ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഫലം വീണ്ടും പ്രസിദ്ധീകരിക്കേണ്ടി വന്നാൽ അത് പ്രവേശന നടപടികളെ ബാധിക്കില്ല. സമയം കിട്ടാത്തവര്‍ക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിര്‍ദേശപ്രകാരമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാന്‍ കാരണമെന്നും വാർത്തസമ്മേളനത്തിൽ സുബോധ് കുമാർ വിശദീകരിച്ചു. സമിതി അധ്യക്ഷന്റെ പേര് വെളിപ്പെടുത്താൻ എൻ.ടി.എ തയാറായില്ല.
വിദ്യാർഥികൾ സമർപ്പിച്ച പൊതുതാൽപര്യ ഹരജികളിൽ ഡൽഹി, കൽക്കട്ട ഹൈകോടതികൾ കഴിഞ്ഞ ദിവസം എൻ.ടി.എയോട് റിപ്പോർട്ട് തേടിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസലിങ് നടപടികൾ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കൽക്കട്ട കോടതി അറിയിച്ചിട്ടുണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം.എസ്.എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനദിനംതന്നെ നീറ്റ് ഫലം പുറത്തുവിട്ടതടക്കം നിരവധി ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. 67 വിദ്യാർഥികൾക്കാണ് ഇത്തവണ ഒന്നാംറാങ്ക്. ഇതിൽ ആറുപേർ ഹരിയാനയിലെ ഒരു സെന്ററിൽ പരീക്ഷ എഴുതിയവരാണ്. കൂടാതെ, നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായാൽ ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റിവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. ചരിത്രത്തിലാദ്യമായി 719, 718 മാര്‍ക്ക് ലഭിച്ചതും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. ചോദ്യ പേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായും നേരത്തെ ആരോപണമുയർന്നിരുന്നു. വിഷയം സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.