നീറ്റ്; ആരോപണവിധേയരുടെ മാർക്കിൽ അസ്വാഭാവികതയില്ലെന്ന് എൻ.ടി.എ
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യപ്പേപ്പർ ചോർച്ചയുൾപ്പെടെയുള്ള ക്രമക്കേടിലേക്ക് അന്വേഷണസംഘം വിരൽചൂണ്ടുന്നതിനിടെ, ആരോപണവിധേയരായ വിദ്യാർഥികളുടെ മാർക്കിൽ അസാധാരണമായ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) റിപ്പോർട്ട്.
ബിഹാറിലെ പട്ന, ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളിലെ സെന്ററുകളിൽ പരീക്ഷ എഴുതിയ, പൊലീസിന്റെ അന്വേഷണ പരിധിയിലുള്ള പരീക്ഷാർഥികൾക്കാർക്കും ഉയർന്ന മാർക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് എൻ.ടി.എ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ബിഹാറിൽ അന്വേഷണ പരിധിയിലുള്ള 13 പരീക്ഷാർഥികളിൽ എട്ടുപേർക്ക് 720ൽ 500ൽ താഴെ മാർക്കാണ് ലഭിച്ചിരിക്കുന്നത്.
പൊലീസ് നൽകിയ വിശദാംശങ്ങൾ അനുസരിച്ച് 13 പേരിൽ ഒരാളുടെ വിവരങ്ങൾ എൻ.ടി.എ രേഖകളുമായി പൊരുത്തപ്പെടുന്നില്ല. 500ൽ കൂടുതൽ മാർക്ക് നേടിയ നാലുപേരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പരീക്ഷാർഥിക്ക് ലഭിച്ച മാർക്ക് 609 ആണ്. 71,000ൽ താഴെ റാങ്കിലാണ് ഇതുവരുന്നത്.
കൂടാതെ, ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഗോധ്രയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായി എത്തിയ 98 ശതമാനം വിദ്യാർഥികളും 500ൽ താഴെ മാർക്ക് നേടിയവരാണ്. സർക്കാർ മെഡിക്കൽ കോളജിൽ അഖിലേന്ത്യ ക്വോട്ടയിൽ സീറ്റ് ലഭിക്കുന്നതിന് 650ലധികം സ്കോർ വേണമെന്നതാണ് മാനദണ്ഡമായി കണക്കാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നീറ്റ് ക്രമക്കേടിനെതിരെയുള്ള ഒരുകൂട്ടം ഹരജികൾ ജൂലൈ എട്ടിന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ കേന്ദ്രം ഈ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
ആറ് സെന്ററുകളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 1563 പേർക്ക് എൻ.ടി.എ ഗ്രേസ് മാർക്ക് നൽകിയതിനെതിരെ കേസ് സുപ്രീംകോടതിയിലെത്തിയതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഗ്രേസ് മാർക്ക് പിൻവലിച്ചിരുന്നു.
ഇവർക്ക് ജൂൺ 23ന് പുനഃപരീക്ഷ നടത്തും. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും.
നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ക്രമക്കേടിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. തെരുവിൽ ശബ്ദമുയർത്തുന്ന വിദ്യാർഥികൾക്ക് നീതി ആവശ്യപ്പെട്ട് തലസ്ഥാന നഗരങ്ങളിൽ വെള്ളിയാഴ്ച പ്രതിഷേധം നടത്തും. നീറ്റ് യു.ജി പരീക്ഷക്കെതിരെ എണ്ണമറ്റ പരാതികളാണ് ഉയർന്നുവരുന്നതെന്നും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തെ അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടി ഭാരവാഹികളോട് നിർദേശിച്ചു.
ഊ തിപ്പെരുപ്പിച്ച മാർക്കുകളിലും ക്രമക്കേടുകളിലും കാര്യമായ ആശങ്കകളുണ്ടെന്നും മാനദണ്ഡം വെളിപ്പെടുത്താതെ ഗ്രേസ് മാർക്ക് നൽകിയതിൽ കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. നീറ്റ് വിഷയത്തിൽ 18ാം ലോക്സഭ ആരംഭിക്കുന്ന ജൂൺ 24ന് പാർലമെന്റ് ഉപരോധിക്കുമെന്ന് എൻ.എസ്.യുവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, നീറ്റ് ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ഉന്നതാന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (ആപ്) പ്രവർത്തകർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിലേക്ക് ബുധനാഴ്ച മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.