നീറ്റ് ഒ.ബി.സി ക്വോട്ട ശരിവെച്ച് സുപ്രീംകോടതി; പരീക്ഷ സംവരണത്തിന് പകരമാവില്ല
text_fieldsന്യൂഡൽഹി: ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളുടെ 'നീറ്റ്' അഖിലേന്ത്യ ക്വോട്ടയിൽ 27 ശതമാനം സീറ്റ് മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് (ഒ.ബി.സി) നീക്കിവെക്കുന്നതിന്റെ ഭരണഘടനാസാധുത സുപ്രീംകോടതി ശരിവെച്ചു. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വശങ്ങൾ പ്രതിഫലിപ്പിക്കാത്ത മത്സരപരീക്ഷകൾക്ക് ഒരാളുടെ അർഹത പൂർണാർഥത്തിൽ നിർണയിക്കാൻ സാധിക്കില്ലെന്ന് സുപ്രധാന വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
പരീക്ഷയിലെ മെറിറ്റും സംവരണവും രണ്ടായിത്തന്നെ കാണണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദ വിധിന്യായത്തിൽ വ്യക്തമാക്കി. മെഡിക്കൽ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷയായ നീറ്റ് നടത്തുന്നു. പൊതു മത്സരപരീക്ഷയിലെ ജയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവേശനത്തിനുള്ള 'അർഹത' പരിമിതപ്പെടുത്താനാവില്ല. സാമൂഹികവും സാംസ്കാരികവുമായ പിന്നോട്ടടികൾ മറികടക്കാൻ ഒരാൾ നടത്തുന്ന പോരാട്ടത്തിന്റെയും പരീക്ഷ മികവിന്റെയും ആകെത്തുകയാണ് അർഹത.
മത്സരപരീക്ഷ അർഹതക്ക് പകരമാവില്ല. സാമൂഹിക വശങ്ങളും അർഹതയുടെ കാര്യത്തിൽ പരിഗണിക്കപ്പെടണം. അർഹത കൂടുതൽ ലഭ്യമാക്കുകയാണ് സംവരണം വഴി ചെയ്യുന്നത്. ഔപചാരികമായ തുല്യാവസരം മാത്രമാണ് മത്സരപരീക്ഷയിൽ ലഭിക്കുക. മത്സരപരീക്ഷയിൽ കഴിവ് വിലയിരുത്തുന്നു. എന്നാൽ, അത് ഒരു വ്യക്തിയുടെ മികവും ശേഷിയും പൂർണാർഥത്തിൽ പ്രതിഫലിപ്പിക്കുന്നില്ല. ജീവിതസാഹചര്യങ്ങൾ കഴിവിനെ ബാധിക്കുന്നുണ്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ സാമ്പത്തിക മുന്നേറ്റം നേടിയ 'ക്രീമിലെയറിനെ' മുൻനിർത്തി ആ പിന്നാക്ക വിഭാഗത്തിന് മുഴുവനായി സംവരണാനുകൂല്യം നിഷേധിക്കാൻ പാടില്ല.
ആകെ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന വിധി ചൂണ്ടിക്കാട്ടിയ ചില ഹരജിക്കാർ, ക്വോട്ട നിർണയിക്കുന്നതിന് മുമ്പ് സർക്കാർ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ടെന്ന വാദം ഉയർത്തിയിരുന്നു. നീറ്റ് പ്രകാരമുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ മുൻകൂട്ടി സുപ്രീംകോടതിയുടെ അനുമതി വാങ്ങേണ്ടതില്ലെന്നും കോടതി പറഞ്ഞു. നീറ്റ് പ്രകാരം അഖിലേന്ത്യ ക്വോട്ടയിൽ മെഡിക്കൽ ബിരുദ കോഴ്സിന് 15ഉം ബിരുദാനന്തര ബിരുദത്തിന് 50ഉം ശതമാനം സീറ്റാണ് ഒ.ബി.സിക്കും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും സംവരണം ചെയ്തിരിക്കുന്നത്.
ഒ.ബി.സി സംവരണം 27 ശതമാനവും സാമ്പത്തിക സംവരണം 10 ശതമാനവുമാണ്. ഈ ക്വോട്ട സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം 2021 ജൂലൈ 29ന് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് ഏതാനും ഡോക്ടർമാർ കഴിഞ്ഞ ആഗസ്റ്റിൽ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് വിധി.ഈ വിജ്ഞാപനത്തിലെ ഒ.ബി.സി ക്വോട്ടയുടെ കാര്യത്തിലാണ് സുപ്രീംകോടതി വിധി.
'പ്രത്യേക സംവരണവ്യവസ്ഥ കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരം'
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടിക വിഭാഗക്കാർക്കും എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയ പ്രവേശനത്തിലും സർക്കാർ ഉദ്യോഗത്തിലും സംവരണം നൽകുന്നതിന് വ്യവസ്ഥ കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സമുദായം, ജാതി, വർഗം, ലിംഗം, സ്വദേശം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ഭരണകൂടം വിവേചനം കാണിക്കരുതെന്ന് ഭരണഘടനയുടെ 5(1) വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 15(4), 15(5) എന്നീ വകുപ്പുകൾ പ്രകാരം സംവരണം നൽകുന്നതിന് സംസ്ഥാന സർക്കാറുകൾക്കുള്ള അധികാരം 15(1)ൽനിന്ന് വേറിട്ടതല്ല. ഒ.ബി.സി സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം 15(1) വിവക്ഷിക്കുന്ന തുല്യതയുടെ തത്ത്വമാണ് വിളംബരം ചെയ്യുന്നത് -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.