നീറ്റ് ചോദ്യം മേയ് നാലിനുമുമ്പേ ചോർന്നു-സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര നിലപാടിനെ ഖണ്ഡിച്ച നിരീക്ഷണത്തിൽ നീറ്റ് യു.ജി പരീക്ഷാ ചോദ്യപേപ്പർ മേയ് നാലിനുമുമ്പേ ചോർന്നുവെന്നാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ആദ്യമൊഴിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മേയ് നാലിന് രാത്രി ചോർത്തിയ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ പഠിക്കാൻ വിദ്യാർഥികൾക്ക് നൽകിയതിനാൽ അതിനുമുമ്പേ ചോർന്നുവെന്ന് മനസ്സിലാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഫിസിക്സ് ചോദ്യപേപ്പറിലെ ചോദ്യത്തിന് രണ്ടുത്തരം ശരിയായത് പരിശോധിക്കാൻ ഡൽഹി ഐ.ഐ.ടിയുടെ മൂന്നംഗ സമിതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി സമിതി റിപ്പോർട്ട് നൽകണം. മേയ് അഞ്ചിന് രാവിലെ എട്ടു മണിക്കും ഒമ്പതര മണിക്കുമിടയിലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചതിനെ ഖണ്ഡിച്ചാണ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം ഒരു പ്രതി മേയ് നാലിനും അഞ്ചിനും ചോർന്നുവെന്ന് രണ്ട് മൊഴി നൽകിയിട്ടുമുണ്ട്. മേയ് നാലിന് ചോർന്നതാണെങ്കിൽ അവ സൂക്ഷിച്ച ബാങ്കിൽനിന്നും മേയ് അഞ്ചിന് കൊണ്ടുപോയപ്പോൾ ചോർന്നതാണെന്ന വാദം നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അതേസമയം, ഈ ചോർച്ച ഹസാരിബാഗിലും പട്നയിലും പരിമിതമായിരുന്നോ എന്നുകൂടി അറിയേണ്ടതുണ്ട്.
എസ്.ബി.ഐയിൽ സൂക്ഷിച്ച യഥാർഥ ചോദ്യപേപ്പറിനുപകരം ചില ബാങ്കുകൾ കനറാ ബാങ്കിൽ കരുതലിനായി വെച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചത് എത്ര കേന്ദ്രങ്ങളിലാണെന്ന് സുപ്രീംകോടതി ചോദിച്ചു. അതിലെത്ര കേന്ദ്രങ്ങളിൽ എസ്.ബി.ഐയിലെ ചോദ്യപേപ്പർ മാറ്റി നൽകി? കനറാ ബാങ്ക് ചോദ്യപേപ്പർ ഉപയോഗിച്ച് എഴുതിയ എത്ര കേന്ദ്രങ്ങളിലെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്തു? ചോദ്യപേപ്പറുകൾ ആരുടെ നിർദേശ പ്രകാരമാണ് കനറാ ബാങ്കിൽനിന്നും നൽകിയത്? എന്നീ ചോദ്യങ്ങളും സുപ്രീംകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.