നീറ്റ് ക്രമക്കേട്: മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ക്രമക്കേടിൽ ആരോപണം കടുപ്പിച്ച് കോൺഗ്രസ്. മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം കുംഭകോണത്തിന്റെ രണ്ടാം പതിപ്പാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. മോദി സർക്കാർ നീറ്റ് അഴിമതി വിദ്യാഭ്യാസ മന്ത്രിയിലൂടെയും ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യിലൂടെയും മൂടിവെക്കാൻ ശ്രമിക്കുകയാണ്. വിഷയത്തിൽ മോദി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെങ്കിൽ എന്തിനാണ് ബിഹാറിൽ 13 പേരെ അറസ്റ്റ് ചെയ്തതെന്നും ഖാർഗെ ചോദിച്ചു.
പുതിയ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതോടെ യുവാക്കളുടെ സ്വപ്നങ്ങൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്ക അവഗണിച്ച് ധിക്കാരപരമായ പ്രതികരണമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ബിഹാറിലും ഗുജറാത്തിലും പൊലീസ് സ്വീകരിച്ച നടപടികൾ വ്യാജമാണോ എന്നും പ്രിയങ്ക ചോദിച്ചു. ബി.ജെ.പി സർക്കാറുകൾക്ക് കീഴിൽ ചോദ്യപേപ്പർ ചോർച്ച നിത്യസംഭവമായി മാറിയെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ 40 പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഗുജറാത്ത് ചോദ്യപേപ്പർ ചോർച്ചയുടെ തലസ്ഥാനമായി മാറിയെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.
അതിനിടെ, നീതി ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ വിദ്യാർഥികൾ ആരംഭിച്ച സമരം പ്രതിദിനം ശക്തി പ്രാപിക്കുകയാണ്. വെള്ളിയാഴ്ച ഡൽഹിയിൽ നീറ്റ് പരീക്ഷാർഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി. ഇവരെ മന്ത്രി കൂടിക്കാഴ്ചക്ക് വിളിച്ചതോടെയാണ് സമരം അവസാനിച്ചത്. ജയ്പൂരിൽ എൻ.എസ്.യു നടത്തിയ പ്രതിഷേധത്തിന് നേരെ രാജസ്ഥാൻ പൊലീസ് നടത്തിയ അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങി നഗരങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ ആവർത്തിച്ചു. എന്നാൽ, ചോർന്നതിന് തെളിവുണ്ടെന്ന് ബിഹാറിലെ പട്നയിലും ഗുജറാത്തിലെ ഗോധ്രയിലും പൊലീസ് നടപടി ചൂണ്ടിക്കാട്ടി വിദ്യാർഥികളും പ്രതിപക്ഷവും പറയുന്നു. പട്നയിൽ ചോർന്നുവെന്ന് പറയപ്പെടുന്ന ചോദ്യപേപ്പർ കത്തിച്ചതിന്റെ ഏതാനും ഭാഗങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.