നീറ്റ് പരീക്ഷ തട്ടിപ്പ്: അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവ് വ്യാജ ഡോക്ടർ
text_fieldsകോയമ്പത്തൂർ: നീറ്റ് പരീക്ഷ ആൾമാറാട്ട കേസിൽ അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവ് വെല്ലൂർ വാണിയമ്പാടി സ്വദേശി മുഹമ്മദ് ഷാഫി വ്യാജ ഡോക്ടർ. തമിഴ്നാട് ക്രൈംബ്രാഞ്ച് സി.െഎ.ഡിയാണ് ഇക്കാര്യം കണ്ടെത്തിയത്. വെല്ലൂർ ജില്ലയിലെ തിരുപ്പത്തൂർ, വാണിയമ്പാടി എന്നിവിടങ്ങളിൽ വർഷങ്ങളായി നഴ്സിങ് ഹോമുകൾ നടത്തിവന്ന ഇയാൾ ‘രാജ ഡോക്ടർ’ എന്ന പേരിലാണ് മേഖലയിൽ അറിയപ്പെടുന്നത്.
1990ൽ കർണാടകയിലെ ബിജാപുർ അൽ അമീൻ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേർന്ന് ഒരു വർഷത്തിനുശേഷം പഠനം പൂർത്തിയാക്കാതെ നിർത്തുകയായിരുന്നു. പിന്നീട് ക്ലിനിക്കുകൾ സ്ഥാപിച്ച് പ്രാക്ടീസ് ആരംഭിച്ചു.
ആൾമാറാട്ടം നടത്തിയും മാർക്ക് ഷീറ്റ് തിരുത്തിയും മകൻ മുഹമ്മദ് ഇർഫാന് ധർമപുരി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം തരപ്പെടുത്തിയ കേസിൽ സെപ്റ്റംബർ 30ന് രാത്രിയാണ് ഇയാൾ അറസ്റ്റിലായത്. ഇൗ കേസിൽ ഇർഫാനും ജയിലിലാണ്.
നീറ്റ് തട്ടിപ്പ് കേസിൽ ആദ്യം അറസ്റ്റിലായ ഉദിത് സൂര്യയുടെ പിതാവും ചെന്നൈ സ്റ്റാൻലി ഗവ. മെഡിക്കൽ കോളജാശുപത്രി ഡോക്ടറുമായ കെ.എസ്. വെങ്കടേഷുമായി മുഹമ്മദ് ഷാഫിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. റഷീദ്, വേദാചലം എന്നീ ഇടനിലക്കാരെ വെങ്കിടേഷിന് പരിചയപ്പെടുത്തിയത് ഷാഫിയായിരുന്നു.
അതിനിടെ, ഇർഫാനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശപ്രകാരം ധർമപുരി ഗവ. മെഡിക്കൽ കോളജിൽനിന്ന് പുറത്താക്കിയതായി ഡീൻ ശ്രീനിവാസരാജു അറിയിച്ചു. ആൾമാറാട്ട സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച വെല്ലൂർ തിരുപ്പത്തൂർ ഗോവിന്ദരാജുവിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.