നീറ്റിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടില്ല; പുനഃപരീക്ഷയുടെ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ.
പരീക്ഷയുടെ രഹസ്യസ്വഭാവം വലിയതോതില്‍ ലംഘിക്കപ്പെട്ടതിന് തെളിവുകളില്ലെന്നും വീണ്ടും നടത്തുന്നത് യുക്തിസഹമല്ലെന്നും കേന്ദ്ര സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങിയവ ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വിദ്യാഭ്യാസ മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത് ഏതാനും പ്രദേശങ്ങളിൽ മാത്രമാണ്.
അതുകൊണ്ട് പരീക്ഷ പൂര്‍ണമായും റദ്ദാക്കുന്നത് സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നത്. കേസിൽ സി.ബി.ഐ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മത്സര പരീക്ഷകള്‍ സുതാര്യമായി നടത്താന്‍ പ്രതിജ്ഞബദ്ധമാണ്. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഹരജികൾ തള്ളണമെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ഉൾപ്പെടെ നൽകിയ ഹരജികളിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിക്കും (എൻ.ടി.എ) നോട്ടീസ് അയച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചത്.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നതിൽ ബിഹാർ പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പേപ്പർ ചോർന്നതിന് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പ്രതിരോധത്തിലായ കേന്ദ്ര സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ബിഹാർ, ഗുജറാത്ത്, ഝാർഖണ്ഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിട്ടുണ്ട്. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ 24 ലക്ഷം വിദ്യാർഥികളാണ് എഴുതിയത്. പരീക്ഷ ഫലത്തിൽ ഗ്രേസ് മാർക്ക് നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള കേസ് സുപ്രീംകോടതിയിൽ എത്തിയിരുന്നു. ഗ്രേസ് മാർക്ക് പിൻവലിച്ചതോടെ ആ കേസ് തീർപ്പാക്കി.
റദ്ദാക്കൽ പൊതുതാൽപര്യത്തിന് വിരുദ്ധം -എൻ.ടി.എ
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കുന്നത് വിപരീത ഫലമുളവാക്കുമെന്നും പൊതുതാൽപര്യത്തിന് പ്രത്യേകിച്ച് നീറ്റ് യോഗ്യത നേടിയവരുടെ തൊഴിൽ സാധ്യതകൾക്ക് ഹാനികരമാകുമെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസിയും (എൻ.ടി.എ) സുപ്രീംകോടതിയെ സത്യവാങ്മൂലത്തിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച മേയ് അഞ്ചിന് നടന്ന മുഴുവൻ പരീക്ഷയെയും ബാധിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടെത്തിയവരുടെ എണ്ണം പരീക്ഷ എഴുതിയവരുടെ എണ്ണം വെച്ച് നോക്കുമ്പോൾ തുലോം കുറവാണ്. ഈ സാഹചര്യത്തിൽ പരീക്ഷ മുഴുവൻ റദ്ദാക്കുന്നത് വിപരീത ഫലം ചെയ്യും. പൊതു താൽപര്യത്തിനും പ്രത്യേകിച്ച്, നീറ്റ് യോഗ്യത നേടിയവരുടെ തൊഴിൽ സാധ്യതകൾക്കും ഇത് ഹാനികരമാകും. നീതിപൂർവകമായും രഹസ്യസ്വഭാവത്തോടെയുമാണ് പരീക്ഷ നടന്നത്. വ്യാപക ക്രമക്കേട് നടന്നെന്ന വാദം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണജനകവുമാണെന്നും എൻ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.