കേന്ദ്രവും എൻ.ടി.എയും നീറ്റിലെ തെറ്റുകൾ തിരുത്തണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യും കേന്ദ്ര സർക്കാറും അഭിപ്രായം മാറ്റുന്നത് അവസാനിപ്പിക്കണമെന്നും തെറ്റുകൾ ഈ വർഷം തന്നെ തിരുത്തി ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി. നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ലെന്നും ചോർച്ച വ്യാപകമല്ലെന്നും പുനഃപരീക്ഷ ആവശ്യമില്ലെന്നും സുപ്രീംകോടതി ആവർത്തിച്ചു. കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച ഇടക്കാല വിധിയുടെ തുടർച്ചയായുള്ള വെള്ളിയാഴ്ചത്തെ വിശദ വിധിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശങ്ങൾ.
എൻ.ടി.എ അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്നത് അത്ര നല്ലതല്ലെന്ന് ചീഫ് ജസ്റ്റിസ് എഴുതിയ വിശദമായ വിധിയിൽ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എൻ.ടി.എയുടെ എല്ലാ തെറ്റുകളും കോടതി എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഇവ ഈ വർഷം തന്നെ തിരുത്തി ആവർത്തിക്കാതെ നോക്കണം. പട്നയിലും ഹസാരിബാഗിലുമുണ്ടായ ചോർച്ചയും ചോദ്യപേപ്പർ സൂക്ഷിച്ച സ്ട്രോംങ്റൂമിന്റെ പിൻവാതിൽ തുറന്ന് അനുമതിയില്ലാത്തവർ അകത്ത് കടന്നതും ഗുരുതരമായ സുരക്ഷ വീഴ്ചയാണ്. ഇ- റിക്ഷകളിൽ ചോദ്യപേപ്പൾ കൊണ്ടുപോയതും, ഒ.എം.ആർ ഷീറ്റുകൾ മുദ്രവെക്കുന്നതിന് സമയം നിർണയിക്കാത്തതും, പല കേന്ദ്രങ്ങളിലും തെറ്റായ ചോദ്യപേപ്പർ വിതരണം നടന്നതും ഒരു ശരിയുത്തരം മാത്രമുള്ള ചോദ്യത്തിന് രണ്ട് ശരിയുത്തരമുണ്ടെന്ന് പറഞ്ഞ് മാർക്ക് നൽകിയതും എൻ.ടി.എ തിരുത്തേണ്ട തെറ്റുകളായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നീറ്റ് പി.ജി പരീക്ഷാ കേന്ദ്രങ്ങൾ: കേരള എം.പിമാർ നഡ്ഡയെ കണ്ടു
ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്നും കേരളത്തിൽ തന്നെ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ കണ്ട് നിവേദനം നൽകി. കേരളത്തിൽ നിന്ന് ആയിരത്തിലധികം വിദ്യാർഥികൾക്ക് വിശാഖപട്ടണം, ഹൈദരാബാദ് തുടങ്ങിയ അന്യ സംസ്ഥാന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ച സാഹചര്യത്തിലാണ് എം.പിമാർ മന്ത്രിയെ കണ്ടത്. ഈ മാസം 11നാണ് പരീക്ഷ.
റെയിൽവേ ടിക്കറ്റ് ലഭിക്കില്ലെന്നും മടക്കയാത്രക്കടക്കമുള്ള വിമാന ടിക്കറ്റ് നിരക്ക് ഇപ്പോൾ 35,000 രൂപയായെന്നും കൂട്ടത്തിൽ ഒരാൾക്കുകൂടി പോകേണ്ടി വന്നാൽ യാത്രക്കുതന്നെ 70,000 രൂപ ചെലവാകുമെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. എം.പിമാരായ അടൂർ പ്രകാശ്, അബ്ദുൽ സമദ് സമദാനി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ശശി തരൂർ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
രാജ്യസഭയിൽ നീറ്റിനെതിരെ സ്വകാര്യ പ്രമേയം
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) വിഷയത്തിൽ ഭരണപക്ഷ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഡി.എം.കെ അംഗം എം.എം. അബ്ദുല്ല സ്വകാര്യ പ്രമേയം അവതരിപ്പിച്ചു. വിദ്യാഭ്യാസം സമവർത്തിക പട്ടികയിൽനിന്ന് സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലേക്ക് മാറ്റാനും നീറ്റ്, ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) എന്നിവ റദ്ദാക്കി സംസ്ഥാന സർക്കാറിന്റെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം അനുവദിക്കാനും നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് എം.എം. അബ്ദുല്ല സഭയിൽ അവതരിപ്പിച്ചത്. ഇത്തരം പ്രമേയം അവതരിപ്പിക്കരുതെന്നും ഈ വിഷയം പാർലമെന്റ് മാനദണ്ഡങ്ങൾക്കും കീഴ്വക്കങ്ങൾക്കും വിരുദ്ധമാണെന്നും മന്ത്രി ജയന്ത് ചൗധരി പറഞ്ഞു. നീറ്റ്, എൻ.ടി.എ ഇല്ലാതാക്കണമെന്ന ചർച്ച സുപ്രീംകോടതി വിധിക്ക് എതിരാണെന്നും പ്രമേയം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.