നീറ്റ്: വ്യാപക ക്രമക്കേട് നടന്നെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷക്ക് ഉത്തരവിടാനാകൂ -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളുടെയും മാർക്ക് പരീക്ഷ കേന്ദ്രങ്ങളുടെയും നഗരങ്ങളുടെയും അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ദേശീയപരീക്ഷ ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതിയുടെ നിർദേശം. ചോദ്യപേപ്പർ ചോർച്ച വിവിധ പരീക്ഷ കേന്ദ്രങ്ങളിലെ ഫലങ്ങളിൽ എങ്ങനെ പ്രതിഫലിച്ചുവെന്ന് വ്യക്തമാകാനാണ് കേന്ദ്ര സർക്കാറിന്റെയും എൻ.ടി.എയുടെയും എതിർപ്പ് തള്ളിയുള്ള നിർദേശം.
പട്നയിലെ ചോർച്ച സംബന്ധിച്ച് ബിഹാർ സാമ്പത്തിക കുറ്റകൃത്യ വിഭാഗം തയാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഇവ രണ്ടും ലഭ്യമായ ശേഷം തിങ്കളാഴ്ച വാദം തുടരുമെന്നും ബെഞ്ച് അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച ബിഹാറിലെ പട്നയിലും റാഞ്ചിയിലെ ഹസാരിബാഗിലും പരിമിതമാണോ, അതല്ല വ്യാപകമാണോ എന്നാണ് അറിയേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മാർക്കിന്റെ പാറ്റേൺ അറിയാൻ ഫലം പ്രസിദ്ധീകരിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഹൂഡയും സഞ്ജയ് ഹെഗ്ഡെയും വാദിച്ചു. ഇത് വിദ്യാർഥികളുടെ താൽപര്യത്തിനെതിരാകുമെന്ന് ആവർത്തിച്ച് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോണി ജനറൽ വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. പേരോ യഥാർഥ റോൾ നമ്പറോ വ്യക്തമാക്കാതെ ഓരോ പരീക്ഷ കേന്ദ്രത്തിലും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികൾക്കും ലഭിച്ച മാർക്ക് വെബ്സൈറ്റിൽ ശനിയാഴ്ച ഉച്ചക്ക് 12ന് മുമ്പായി പ്രസിദ്ധീകരിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽനിന്ന് വിരുദ്ധമായി ചോർച്ച മൂന്നിനോ നാലിനോ നടന്നെന്ന് വ്യക്തമാക്കുന്നതാണ് ബിഹാർ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ റിപ്പോർട്ടെന്ന് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ബെഞ്ച് നിർദേശിച്ചത്.
മേയ് മൂന്നിനുമുമ്പ് ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചപ്പോൾ നീറ്റ് പരീക്ഷ നടന്ന മേയ് അഞ്ചിന് രാവിലെ 8.02നും 9.23നുമിടയിലാണ് ചോർന്നതെന്നായിരുന്നു എസ്.ജി. മേത്തയുടെ വാദം. ഈ വാദത്തിന്റെ യുക്തി ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേവലം 45 മിനിറ്റ് കൊണ്ട് ചോദ്യപേപ്പർ ചോർത്തി ഉത്തരങ്ങൾ കാണാപാഠം പഠിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. ചോർച്ചക്കും പരീക്ഷക്കുമിടയിൽ മൂന്ന് ദിവസമുണ്ടെങ്കിൽ ചോർച്ച വ്യാപകമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.