നീറ്റ് വിവാദം: ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ സാധൂകരിക്കാൻ കഴിയുന്ന എന്തെങ്കിലും തെളിവ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
“പരീക്ഷാ പേപ്പർ ചോർന്നിട്ടില്ല, അത്തരത്തിൽ യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി നിർദേശിച്ചതു പ്രകാരം 1563 വിദ്യാർഥികളുടെ ഫലം റദ്ദാക്കും. ഇവർക്ക് വീണ്ടും ജൂൺ 23ന് പരീക്ഷയെഴുതാം. ഇതായി പ്രത്യേക പാനൽ തയാറാക്കും. റീടെസ്റ്റ് എഴുതാത്തവർക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സ്കോർ നൽകും. എല്ലാ വിവരങ്ങളും കോടതിയെ ധരിപ്പിക്കും. പരീക്ഷയെഴുതിയ കുട്ടികൾകൾക്കും മാതാപിതാക്കളും നീതി ലഭിക്കും” -മന്ത്രി പറഞ്ഞു.
മേയ് അഞ്ചിന് 4750 കേന്ദ്രങ്ങളിലായാണ് നാഷണനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നീറ്റ് പരീക്ഷ നടത്തിയത്. 24 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ജൂൺ 14ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ പരീക്ഷാഫലം, പത്ത് ദിവസം മുൻപ് ജൂൺ നാലിനു തന്നെ പ്രസിദ്ധീകരിച്ചു. എൻ.ടി.എയുടെ ചരിത്രത്തിൽ ആദ്യമായി 67 പേർ ഫുൾ മാർക്ക് നേടി. ഹരിയാനയിലെ ഫരീദബാദിലെ ഒറ്റ സെന്ററിലെ ആറു പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്ന ആശങ്കയുയർന്നു. പിന്നാലെ പരീക്ഷാഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, നീറ്റിന്റെ കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പരീക്ഷ നടന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് കൗൺസിലിങ്ങും നടക്കും. ഇക്കാര്യത്തിൽ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. അതിൽ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് നീറ്റുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.