അവഗണനയുടെ പ്രതീകങ്ങൾ; ആഗ്രയിലെ മുഗൾ മാസ്റ്റർപീസ് തകർന്നതിൽ രോഷം
text_fieldsആഗ്ര: ആഗ്രയിലെ യമുനയുടെ തീരത്തെ മുഗൾ ഗോപുരത്തിന്റെ തകർച്ചയിൽ രോഷംപൂണ്ട് പൈതൃക പ്രേമികൾ. വിഖ്യാതമായ സ്മാരകങ്ങളുടെ അത്രയൊന്നും അറിയപ്പെടാത്ത മുഗൾ നിർമിതികളുടെ സംരക്ഷണത്തിന്റെ അടിയന്തര ആവശ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് മൂന്നു നിലകളുണ്ടായിരുന്ന കിയോസ്കിന്റെ തകർച്ച. സൊഹ്‌റ ബാഗിലെ ഒരു പ്രധാന അവശേഷിപ്പായിരുന്ന ‘ബാഗെ ജഹനാരാ ബീഗം’ എന്ന് അറിയപ്പെട്ട ഈ കിയോസ്ക് നിലകൊള്ളുന്ന ഇടം. 16, 17 നൂറ്റാണ്ടുകളിലായാണ് ഇത് നിർമിച്ചത്.
ഈ പ്രദേശം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണെങ്കിലും അവഗണനയുടെ ഫലമായി കൈയേറ്റങ്ങൾ മൂലം അത് നാശത്തിലേക്കു വീണു. കിയോസ്കിന്റെ മുകൾ നിലകൾ അടുത്തിടെയാണ് തകർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗ്ര ആസ്ഥാനമായുള്ള ഗവേഷകനായ ശന്തനു ജദൗൻ ഈ നിർമിതിയുടെ മുമ്പും ശേഷവുമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
‘19താം നൂറ്റാണ്ടിൽ ജഹനാരാ ബാഗിന്റെ പ്രധാന ഭാഗം നശിപ്പിക്കപ്പെട്ടു. 1990കളുടെ അവസാനത്തോടെ പൂന്തോട്ടത്തിന്റെ രണ്ട് കോണുകൾ മാത്രം അവശേഷിച്ചു. 1990കളിൽ റോഡ് നിർമാണ വേളയിൽ വലത് ഭാഗം നീക്കം ചെയ്തു. ഇടതു ഭാഗത്തെ ഗോപുരം ജഹനാരാ ബാഗിന്റെ അവശേഷിക്കുന്ന ഏക ഭാഗമാണ്. ചൂതാട്ടക്കാർക്കും മയക്കുമരുന്നിന് അടിമകളായവർക്കും ടിക്ടോക്കർമാർക്കും ഇത് ഒരു ‘അഡ്ഡ’ (താവളം) ആയി മാറിയെന്ന് ശന്തനു ജദൗൻ പറഞ്ഞു.
തികഞ്ഞ അശ്രദ്ധയും കഴിവുകേടും ഈ പൈതൃകത്തെ ഇന്ന് നമുക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു. സങ്കീർണ്ണമായ ചുവന്ന മണൽക്കല്ലുകൾ, മികച്ച കമാനങ്ങൾ, ഏറ്റവും മികച്ച ‘ചിനിഖാന’ സൃഷ്ടികൾ എന്നിവ ഇപ്പോൾ നഷ്ടമായി. ഛാത്ത് ഉൾപ്പെടെയുള്ള പൂജകൾക്കുള്ള ഒരു ജനപ്രിയ ഇടമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. തകർച്ചക്കു ശേഷം സ്ഥലം സന്ദർശിച്ചപ്പോൾ എ.എസ്.ഐയുടെ അടയാളം പോലും നഷ്ടപ്പെട്ടതായി കണ്ടു. ഘടനയുടെ സമഗ്രത മികച്ചതായിരുന്നു. നാട്ടുകാർ അത് ഉപയോഗിക്കാറുണ്ടായിരുന്നു. താഴത്തെ നില ഇപ്പോഴും നിലനിൽക്കുന്നുണ്ട് -ശന്തനു കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ മഹത്തായ പൈതൃകം പരിപാലിക്കാൻ എ.എസ്.ഐക്ക് നിലവിൽ നൽകുന്നതിനേക്കാൾ കൂടുതൽ വിഭവങ്ങൾ ആവശ്യമാണ്. ഇപ്പോഴത്തെ അവഗണന ആകെ നാണക്കേടാണ്. ഇന്ത്യക്ക് വിപുലമായ വിഭവങ്ങളുണ്ട്. അതിന്റെ അസാധാരണമായ കെട്ടിടങ്ങൾ സംരക്ഷിക്കാൻ അതിന് കഴിയും. ചരിത്രകാരനായ വില്യം ഡാൽറിംപിൾ ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
സംഭവം പുറംലോകം അറിഞ്ഞതോടെ, ‘ചിനി കാ റൗസ’ ശവകുടീരത്തിൽ നിലവിൽ സംരക്ഷണ ശ്രമങ്ങൾ നടന്നുവരികയാണെന്നും കിയോസ്‌ക് പൂർത്തീകരിച്ചതിന് ശേഷം പുനഃസ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും ആഗ്രയിലെ എ.എസ്.ഐ ഉദ്യോഗസ്ഥർ പ്രതികരിച്ചു. സൊഹ്‌റ ബാഗിലേക്കുള്ള പ്രവേശനം ചിനി കാ റൗസ വഴിയാണ്. കെട്ടിടം കഴിയുന്നത്ര സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.
‘ഒരു കാലത്ത് ആഗ്രയിലെ നദീതീര ഉദ്യാനങ്ങളിലൊന്നായിരുന്ന ഇത് മുംതാസ് മഹലിന്‍റേതായിരുന്നു. മാതാവിന്റെ മരണത്തെത്തുടർന്ന് ജഹനാരക്ക് പാരമ്പര്യമായി ലഭിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇത് സന്ദർശിച്ചിരുന്നു. അന്ന് അതിന്റെ ശോച്യാവസ്ഥയിൽ ഞെട്ടിപ്പോയി -എഴുത്തുകാരിയായ റാണ സഫ്‌വി 1830കളിലെ ബാഗിന്റെ പെയിന്‍റിങ് സഹിതം ‘എക്‌സിൽ’ പോസ്റ്റ് ചെയ്തു.
ഇ.കൊച്ചിന്റെയും ജെ.പി.ലോസ്റ്റിയുടെയും 2017ലെ പുസ്‌തകമായ ‘ദി റിവർസൈഡ് മാൻഷൻസ് ആൻഡ് ടോംബ്‌സ് ഓഫ് ആഗ്ര’യിൽ പറയുന്നു: മുഗൾ ചക്രവർത്തിയായ ഷാജഹാന്റെയും മുംതാസിന്റെയും മൂത്ത കുട്ടിയും മൂത്ത മകളും ആയിരുന്നു ജഹനാര. പിതാവിന്റെ വാത്സല്യത്തിൽ അവൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. 1631ൽ മാതാവിന്റെ മരണശേഷം ‘ബീഗം സാഹിബ’ ആയി ചക്രവർത്തിയുടെ കുടുംബത്തിന്റെ മേൽനോട്ടം വഹിച്ചു. ആഗ്ര നദീതീരത്തെ ഏറ്റവും വലിയതായിരുന്നു അവളുടെ പൂന്തോട്ടം. ജഹാംഗീറിന്റെ ഭരണകാലത്ത് അവളുടെ മാതാവാണ് ഇത് തുടങ്ങിയത്. ‘താജ് വനിത’യുടെ രക്ഷാകർതൃത്വവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരേയൊരു അടിത്തറയായിരുന്നു ഇത്. കോർണർ ടവറുകളുടെ താഴത്തെ രണ്ട് നിലകളിൽ ജഹനാര ചെറിയ മുറികൾ കൂട്ടിച്ചേർത്തു. അവയിൽ ഒരെണ്ണം മാത്രമേ നിലനിൽക്കുന്നുള്ളൂ. നദിയുടെ മുൻവശത്തുള്ള വലിയ പവലിയൻ ഇപ്പോൾ ഇല്ലാതായിരിക്കുന്നു.
ഈ വർഷം മെയ് മാസത്തിൽ ഫോട്ടോഗ്രാഫർ ആർക്കോ ദത്തോ കിയോസ്കിന്റെ ഫോട്ടോ പകർത്തിയിരുന്നു. ‘ഈ പ്രത്യേക നിർമിതി കണ്ടെത്താൻ യമുനാ നദീതീരത്തെ തകർന്നുകിടക്കുന്ന അപകടകരമായ ബണ്ടിലൂടെ എന്റെ ട്രൈപോഡുമായി നടക്കേണ്ടിവന്നു. അപകടം മുന്നിലുണ്ടായിരിക്കെ നടത്തിയ യാത്ര ഇപ്പോൾ വിലപ്പെട്ടതായി തോന്നുന്നു’വെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.
മുഗൾ കാലഘട്ടത്തിലെ നിർമിതികൾ സംരക്ഷിക്കുന്നതിൽ കുറ്റകരമായ അലംഭാവമാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നത്. ആഗ്രയിൽ അടുത്തിടെ പെയ്ത കനത്ത മഴയിൽ ലോദി കാലഘട്ടത്തിലെ പള്ളി ഉൾപ്പെടെ നിരവധി സ്മാരകങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 1978ലെ വെള്ളപ്പൊക്കത്തിനുശേഷം ആദ്യമായി യമുനയിലെ വെള്ളം താജ്മഹൽ സമുച്ചയത്തിലേക്ക് പ്രവേശിച്ചു. അതിന്റെ ഫലമായി താഴികക്കുടത്തിൽ നിന്ന് ചോർച്ചയും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.