കോവിഡ് രോഗികളുടെ മൃതദേഹം ഒരു വർഷമായി ഫ്രീസറിൽ; മോർച്ചറി അടച്ചുപൂട്ടിയിട്ട് മാസങ്ങളും
text_fieldsബംഗളൂരു: ഒരു വർഷത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു കോവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തി. ഇ.എസ്.ഐ രാജാജിനഗർ ആശുപത്രിയിലെ മോർച്ചറിയിലാണ് സംഭവം.
കെ.പി അഗ്രഹാര സ്വദേശി 62കാരനായ മുനിരാജു, ചാമരാജ്പേട്ട് സ്വദേശി 40കാരി ദുർഗ എന്നിവരാണ് 2020 ജൂലൈയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലെ പഴയ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു.
കോവിഡ് തരംഗം രൂക്ഷമായിരുന്ന സമയമായതിനാൽ നിരവധി മൃതദേഹങ്ങൾ പഴയ േമാർച്ചറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് പുതിയ മോർച്ചറിയിലേക്ക് ഇവ മാറ്റി. പഴയ മോർച്ചറി ആശുപത്രിയുടെ ഓക്സിജൻ പൈപ്പ്ലൈനിന് സമീപമായതിനാൽ അത് അടച്ചിടുകയും ചെയ്തു. എന്നാൽ പഴയ മോർച്ചറിയിൽനിന്ന് ഈ രണ്ടു മൃതദേഹങ്ങളും മാറ്റാൻ അധികൃതർ മറന്നുപോകുകയായിരുന്നു. കെയർടേക്കർമാരുടെയും നോഡൽ ഓഫിസർമാരുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്നും ഇ.എസ്.ഐ ആശുപത്രി ജീവനക്കാരിലൊരാൾ പറഞ്ഞു.
കഴിഞ്ഞവർഷമാണ് മോർച്ചറി അടച്ചിട്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ബി.ബി.എം.പിക്ക് കൈമാറണമെന്ന മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നതിനാൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയിരുന്നില്ല.
ശനിയാഴ്ച ശുചീകരണതൊഴിലാളികളാണ് ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങൾ കണ്ടത്. ഇവർ ആരോഗ്യപ്രവർത്തകരെ ഫ്രീസറിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതായി വിവരം അറിയിച്ചു. ആശുപത്രി ജീവനക്കാർ മെഡിക്കൽ സൂപ്രണ്ടിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
'അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി അധികൃതർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കും' -രാജാജിനഗർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.