കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നെഹ്റു കുടുംബം ഇല്ല
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നെഹ്റു കുടുംബം മത്സരത്തിന് ഇറങ്ങില്ല. ഔദ്യോഗിക പക്ഷവും തിരുത്തൽവാദികളായ ജി23യുമായി ഇതോടെ മത്സര സാധ്യത തെളിഞ്ഞു. നെഹ്റു കുടുംബം മുന്നോട്ടുവെക്കുന്ന ആദ്യ പേര് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ്. അങ്ങനെയെങ്കിൽ ശശി തരൂരിനെയോ മനീഷ് തിവാരിയേയോ സ്ഥാനാർഥിയാക്കാൻ ജി23 ശ്രമിക്കുന്നുണ്ട്.
രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റാകാനുള്ള സാധ്യത പുതിയ സാഹചര്യങ്ങളിലും അടയുന്നില്ല. മത്സരമെന്ന സ്ഥിതി ഉണ്ടായാൽ നെഹ്റു കുടുംബത്തിൽനിന്ന് ആരും സ്ഥാനാർഥിയാവില്ല. 2000ലെ തെരഞ്ഞെടുപ്പിൽ മറിച്ചായിരുന്നു നിലപാട്. ജിതിൻ പ്രസാദ എതിർ സ്ഥാനാർഥിയായെങ്കിലും, മത്സരം നടക്കട്ടെ എന്നാണ് സോണിയ തീരുമാനിച്ചത്. സോണിയ 7,542 വോട്ട് നേടിയപ്പോൾ 94 മാത്രമാണ് ജിതിൻ പ്രസാദക്ക് കിട്ടിയത്.
രാഹുൽ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം വീണ്ടും സമ്മർദം ശക്തമാക്കാനാണ് ഗെഹ്ലോട്ട് അടക്കം മുതിർന്ന നേതാക്കളുടെ ഒരുക്കം. അതും നടന്നില്ലെങ്കിൽ മാത്രമാണ് മത്സരസാധ്യത. രാഹുൽ സ്ഥാനമേൽക്കാൻ തയാറായാൽ മത്സരം തന്നെ ഒഴിവാകും. അതിനാണ് ഗെഹ്ലോട്ടിന്റെയും മറ്റും ശ്രമം. നെഹ്റുകുടുംബത്തിൽനിന്നൊരാൾ പ്രസിഡന്റ് സ്ഥാനത്തു വരുന്നതിനെ തിരുത്തൽ വാദികളും എതിർക്കുന്നില്ല.
നെഹ്റു കുടുംബം പിന്മാറിയാൽ ചിത്രം മാറും. ശക്തമായ മത്സരം നടക്കും. അത്തരമൊരു ചുറ്റുപാടിൽ ഗെഹ്ലോട്ടിനെതിരെ മികച്ച സ്ഥാനാർഥിയെ നിർത്താനാണ് തിരുത്തൽവാദികളുടെ ഒരുക്കം. പ്രസിഡന്റുസ്ഥാനത്തേക്ക് സ്വതന്ത്രവും നീതിപൂർവകവുമായ മത്സരം നടക്കണമെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച് ശശി തരൂർ സ്വന്തം സാധ്യതകളിലേക്ക് കണ്ണുവെച്ചിട്ടുണ്ട്.
മത്സരിക്കാനുള്ള തിരുത്തൽവാദികളുടെ താൽപര്യം ഞായറാഴ്ച നടന്ന പ്രവർത്തക സമിതിയിൽ വ്യക്തമായിരുന്നു. അന്തിമ വോട്ടർപട്ടികയെക്കുറിച്ച പരാതി ആനന്ദ് ശർമ യോഗത്തിൽ പ്രകടിപ്പിച്ചത് സൂചനയാണ്. അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ടവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടും.
ആർക്കും മത്സരിക്കാമെന്ന് എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുതന്നെ അതിനു വേണ്ടിയായതിനാൽ ഈ വിശദീകരണം സ്വാഭാവികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.