വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉണ്ടെന്ന്; ചരിത്രനിഷേധത്തെ ന്യായീകരിച്ച് ഐ.സി.എച്ച്.ആർ
text_fieldsന്യൂഡൽഹി: 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തിൽ ന്യായീകരണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ). വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉൾപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യൻ വി.ഡി സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തത് വ്യാപക വിമർശനം ഉയർന്നിരുന്നു.
'ആസാദി കാ അമൃത് മഹോത്സവിന്‍റെ ആദ്യ പോസ്റ്റർ മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയത്. നിരവധി പോസ്റ്ററുകൾ ഇനി വരാനുണ്ട്. അവ തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റർ മാത്രം കണ്ട് വിമർശനം ഉന്നയിക്കുന്നത് അപക്വമാണ്. വരുംദിവസങ്ങളിലെ പോസ്റ്ററിൽ ജവഹർലാൽ നെഹ്റുവും ഉണ്ടാകും' -ഓംജീ ഉപാധ്യായ് പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലെ ആരുടെയെങ്കിലും പങ്കിനെ ഇകഴ്ത്തിക്കാണിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. ഇപ്പോൾ വിമർശനം നേരിടുന്ന പോസ്റ്റർ സ്വാതന്ത്ര്യ സമരത്തിന്‍റെ ഒരു ഭാഗത്തെ മാത്രം കാണിക്കുന്നതാണ്. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐ.സി.എച്ച്.ആർ ഡയറക്ടർ പറഞ്ഞു.
ഐ.സി.എച്ച്.ആറിന്‍റെ പോസ്റ്ററിൽ പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യൻ വി.ഡി. സവർക്കറും ഉൾപ്പെട്ടിരുന്നു. അന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയാണ് പുറത്തുവന്നത് എന്നതിന് ചരിത്ര രേഖകളുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത് പലസമയത്തും ബ്രിട്ടീഷ് അനുകൂലിയായിരുന്നു. സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പേട്ടൽ, ഭഗത് സിങ് എന്നിവരും പോസ്റ്ററിലുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അനഭിമതനായ നെഹ്റുവിനെ മന:പൂർവം ഒഴിവാക്കിയാണെന്ന വിമർശനമാണുയരുന്നത്.
നേരത്തെ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള അടക്കമുള്ള 387 മലബാർ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്.ആർ റിപ്പോർട്ട് വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.