സഹപ്രവർത്തകർക്ക് സസ്പെൻഷൻ; നെല്ലൂരിൽ നഴ്സുമാർ പ്രതിഷേധവുമായി രംഗത്ത്
text_fieldsനെല്ലൂർ: സഹപ്രവർത്തകരായ രണ്ടു നഴ്സുമാരെ അധികൃതർ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ആന്ധ്ര പ്രദേശിലെ നെല്ലൂർ സർക്കാർ ജനറൽ ആശുപത്രിയിലെ നൂറോളം വരുന്ന നഴ്സുമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിച്ചു.
രണ്ട് പേരുടേയും സസ്പെൻഷൻ പിൻവലിക്കണമെന്നും അവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കുടുംബത്തെ പോലും ദിവസങ്ങളോളം പിരിഞ്ഞ് ജീവൻ അപകടത്തിലാക്കി കോവിഡ് ബാധിതരെ ശുശ്രൂഷിക്കുകയും കോവിഡിനെതിരെ പോരാടുകയും ചെയ്യുമ്പോഴാണ് ആശുപത്രി അധികൃതർ രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തതെന്ന് സമരക്കാർ ആരോപിച്ചു.
സസ്പെൻഡ് ചെയ്ത നടപടി ശരിയായില്ലെന്നും രണ്ട് പേരേയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും സമരത്തിലുള്ള നഴ്സുമാർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് ഐസൊലേഷൻ വാർഡിൽ കോവിഡ് ബാധിതർക്ക് സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് കാണിച്ച് രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്യുകയും രണ്ട് ഡോക്ടർമാർക്ക് മെമ്മോ നൽകുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.