ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് നിരോധനവുമായി നേപ്പാൾ
text_fieldsന്യൂഡൽഹി: സിംഗപ്പൂരിന് പിന്നാലെ ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് നിരോധനവുമായി നേപ്പാളും. എം.ഡി.എച്ച്, എവറെസ്റ്റ് ബ്രാൻഡുകളുടെ മസാലപ്പൊടികൾക്കാണ് നിരോധനം. നേപ്പാൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് തീരുമാനം. അപകടകരമായ അളവിൽ രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് കറിപൗഡറുകളിലും എതലിൻ ഓക്സൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ്. എം.ഡി.എച്ച്, എവറെസ്റ്റ് എന്നീ ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജന പൊടികളുടെ ഇറക്കുമതി നിരോധിക്കുകയാണ്. രണ്ട് ബ്രാൻഡിന്റേയും ഉൽപന്നങ്ങൾ മാർക്കറ്റുകളിൽ വിൽക്കുന്നതിനും നിരോധനമുണ്ടെന്ന് നേപ്പാൾ ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് വക്താവ് മോഹൻ കൃഷ്ണ മഹാരാജൻ അറിയിച്ചു. രണ്ട് ബ്രാൻഡുകളുടെ ഉൽപന്നങ്ങളിൽ എന്തൊക്കെ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്താൻ പരാിശോധന തുടരുകയാണ്. അന്തിമ റിപ്പോർട്ട വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നേപ്പാൾ അറിയിച്ചു.
നേപ്പാളിന് പുറമെ ന്യൂസിലാൻഡ്, യു.എസ്, ആസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും എം.ഡി.എച്ച് ഉൽപന്നങ്ങളെ സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്. എതലിൻ ഓക്സൈഡ് എന്ന രാസവസ്തു അർബുദത്തിന് കാരണമായേക്കും. ഫുഡ് സ്റ്റർലൈസേഷനാണ് ഇത് ഉപയോഗിക്കുക. ന്യൂസിലാൻഡ് വിപണിയിലുള്ള എം.ഡി.എച്ച്, എവറെസ്റ്റ് ഉൽപന്നങ്ങളിൽ ഇതിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് പരിശോധന ആരംഭിച്ചതായി ന്യൂസിലാൻഡ് ഫുഡ് സേഫ്റ്റി റെഗുലേറ്റർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജെന്നി ബിഷപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.