ഇന്ത്യൻ പ്രദേശം ഉൾപ്പെടുന്ന ഭൂപടത്തിന് അംഗീകാരം നൽകി നേപ്പാൾ പാർലമെന്‍റ്
text_fieldsകാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപടത്തിന് നേപ്പാൾ പാർലമെന്‍റ് അംഗീകാരം നൽകി. ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ലിപുലേഖ്, ലിംപിയാദുര, കാലാപാനി എന്നീ സ്ഥലങ്ങളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യൻ സൈന്യം തന്ത്രപ്രധാന കേന്ദ്രങ്ങളായി കരുതുന്ന സ്ഥലങ്ങളാണിവ.
ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിൽ ശനിയാഴ്ച നേപ്പാൾ പാർലമെന്‍റ് പ്രത്യേക സെഷനിൽ ചർച്ച നടന്നു. 275 അംഗ സഭയിൽ 258 പേരും ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
ഇന്ത്യൻ മേഖലയിൽ ഉൾപ്പെടുന്ന പർവത പ്രദേശമാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഭൂപടത്തിന് കഴിഞ്ഞ മാസം നേപ്പാളിലെ ഭരണകക്ഷി അനുമതി നൽകിയിരുന്നു. ഇത് ഇന്ത്യയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചിരുന്നു. തങ്ങളുടെ പ്രദേശം ഉൾപ്പെടുത്തിയത് ഏകപക്ഷീയവും ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
നേപ്പാളിലെ പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് പാർട്ടിയും ഭേദഗതി ബില്ലിന് അനുകൂലമായാണ് നിലപാടെടുത്തത്. പാർലമെന്‍റ് പാസാക്കിയ ഭേദഗതി ഇനി നാഷണൽ അസംബ്ലിയുടെ പരിഗണനക്ക് വിടും. നാഷണൽ അസംബ്ലിയും ബിൽ പാസാക്കിയാൽ പ്രസിഡന്‍റിന് അയക്കും. തുടർന്ന് ഭേദഗതി നിലവിൽ വരും.
ഈ മേഖലകൾ ഉത്തരാഖണ്ഡിന്‍റെ ഭാഗമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. കൃത്രിമമായുള്ള കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഇന്ത്യയുടെ ഉറച്ച നിലപാട് നേപ്പാളിന് അറിയാവുന്നതാണെന്നും ഇത്തരം നടപടികളിൽ നിന്ന് പിന്തിരിയണമെന്നും ഇന്ത്യയുടെ പരമാധികാരത്തെയും ഭൂപ്രദേശങ്ങൾ സംബന്ധിച്ച സമഗ്രതയെയും ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
നേപ്പാളിന്‍റെ നീക്കം ഇന്ത്യയുമായി പുതിയ അതിർത്തി സംഘർഷത്തിന് വഴിയൊരുക്കുകയാണ്. അതേസമയം, ഇന്ത്യയും നേപ്പാളും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളതെന്ന് സൈനിക മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു. ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ചരിത്രപരമായും ഇരുരാജ്യങ്ങളും തമ്മിൽ ബന്ധമുണ്ട്. ഭാവിയിലും ഈ ബന്ധം ശക്തമായി തുടരും -ജനറൽ നരവനെ പറഞ്ഞതായി ന്യൂസ് ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ലിപുലേഖ്, ലിംപിയാദുര, കാലാപാനി പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലുള്ളതാണെന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 1962ൽ ഇന്ത്യ-ചൈന യുദ്ധത്തിനുമുമ്പ് പ്രദേശം നേപ്പാളിനുകീഴിലായിരുന്നെന്നും യുദ്ധകാലത്ത് താത്കാലിക സൈനിക പോസ്റ്റ് തുടങ്ങാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയെയെങ്കിലും പിന്നീട് ഇന്ത്യൻ സൈന്യം പ്രദേശം കൈമാറിയില്ലെന്നുമാണ് നേപ്പാളിന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.