ഉത്തർപ്രദേശിൽ വിശ്വഹിന്ദുസേന നേപ്പാൾ പൗരന്‍റെ തലമൊട്ടയടിച്ച് ‘ജയ് ശ്രീരാ’മെന്നെഴുതി
text_fieldsവരാണസി: ഉത്തർപ്രദേശിൽ വിശ്വഹിന്ദുസേന പ്രവർത്തകർ നേപ്പാൾ പൗരന്‍റെ തല മുണ്ഡനം ചെയ്ത ശേഷം‘ജയ് ശ്രീരാം’ എന്നെഴുതി. സംഭവവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദുസേന കൺവീനർ അരുൺപഥക് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നെന്നും യഥാർഥ അയോധ്യ നേപ്പാളിലാണെന്നും പറഞ്ഞത് നേരത്തേ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പൗരന് നേരെയുണ്ടായ വിശ്വഹിന്ദുസേനയുടെ അതിക്രമവും. നേപ്പാൾ പൗരനെ ഉപദ്രവിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇയാളെക്കൊണ്ട് ‘നേപ്പാൾ പ്രധാനമന്ത്രി മൂർദ്ദാബാദ്’ എന്നും വിളിപ്പിച്ചിരുന്നു. വീഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്.
‘വിശ്വഹിന്ദുസേന പ്രവർത്തകർ നേപ്പാളി പൗരന്‍റെ തല നിർബന്ധിച്ച് മുണ്ഡനം ചെയ്യുകയായിരുന്നു. അവരുടെ സംസാരത്തിൽ മുഴുവനായി നേപ്പാൾ പ്രധാനമന്ത്രിയോടുള്ള രൂക്ഷമായ അമർഷമുണ്ടായിരുന്നു. ‘വിശ്വ ഹിന്ദു സേന സിന്ദാബാദ്, ഹിന്ദുസ്ഥാൻ സിന്ദാബാദ്, നേപ്പാൾ പ്രധാനമന്ത്രി മൂർദ്ദാബാദ് എന്നൊക്കെ അയാളെക്കൊണ്ട് വിളിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതികളിലൊരാളെ ഉടൻ പിടികൂടിയിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ ആരംഭിച്ചതായും പ്രതികൾക്കെതിരെ ശക്തമായി നടപടിയുണ്ടാവുമെന്നും വരാണസി സിറ്റി പൊലീസ് സൂപ്രണ്ട് വികാസ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ വിവാദ പ്രസ്താവനയുണ്ടായത്. നേപ്പാളിന്‍റെ സംസ്കാരം ഇന്ത്യ പിടിച്ചെടുത്തെന്നും അടിച്ചമർത്തിയെന്നും ഒലി ആരോപിച്ചിരുന്നു. ഔദ്യോഗിക വസതിയിൽ നടന്ന പരിപാടിയിലാണ് നേപ്പാൾ പ്രധാനമന്ത്രി ഇക്കാര്യം വിശദമാക്കിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.
ശ്രീരാമന് സീതയെ നൽകിയത് നേപ്പാളാണ്. വസ്തുതകൾ അപഹരിക്കപ്പെട്ടെന്നും അടിച്ചമർത്തപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ശാസ്ത്ര മേഖലയിൽ നേപ്പാളിന്‍റെ സംഭാവനകളെ ഇന്ത്യ വിലകുറച്ചു കാണുകയാണെന്നും ഒലി ആരോപിച്ചിരുന്നു. കാഠ്മണ്ഡുവിൽ നിന്നും 135 കിലോമീറ്റർ സഞ്ചരിച്ചാലെത്തുന്ന ബിർഗുഞ്ചിനടുത്താണ് ഹിന്ദുമത വിശ്വാസ പ്രകാരമുള്ള അയോധ്യ.
കഴിഞ്ഞമാസം, ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്ത് നേപ്പാൾ പുതിയ ഭൂപടം തയാറാക്കിയത് ഏറെ വിവാദമായിരുന്നു. അടുത്തിടെ, ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേക്ഷണം നേപ്പാളിൽ നിരോധിച്ചതും വിവാദമായിരുന്നു. രാജ്യത്തിൻെറ താൽപര്യങ്ങൾ ഹനിക്കുന്ന വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു നിരോധനം. മുമ്പ് ഇന്ത്യയിലെ വൈറസാണ് ചൈനയുടേതിനേക്കാൾ ഭീകരമെന്ന കെ.പി. ശർമ ഓലിയുടെ പ്രസ്താവനയും ഇന്ത്യയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.