നെറ്റ് പരീക്ഷ ചോദ്യപേപ്പർ; ഡാർക്ക് നെറ്റ് വഴി ചോർന്നു
text_fieldsന്യൂഡൽഹി: ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) ചൊവ്വാഴ്ച നടത്തിയ കോളജ് അധ്യാപന യോഗ്യത പരീക്ഷ യു.ജി.സി നെറ്റ് റദ്ദാക്കിയത് ചോദ്യപേപ്പർ ഡാര്‍ക്ക് നെറ്റ് വഴി ചോർന്നുവെന്ന് സ്ഥിരീകരിച്ചതുകൊണ്ടാണെന്ന് കേന്ദ്രം. നാഷനല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് ഇത് കണ്ടെത്തി. ഡാർക്ക് നെറ്റിലെ ചോദ്യപേപ്പർ ടെലിഗ്രാം വഴി പ്രചരിച്ചു. യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യവും ഡാര്‍ക്ക് നെറ്റിലും പ്രചരിപ്പിക്കപ്പെട്ട ചോദ്യവും താരതമ്യം ചെയ്തു നോക്കിയശേഷമാണ് പരീക്ഷ റദ്ദാക്കിയതെന്നും വ്യാഴാഴ്ച രാത്രി നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) റദ്ദാക്കില്ല. നീറ്റും നെറ്റും തമ്മിലുള്ള പ്രശ്‌നം വ്യത്യസ്തമാണ്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാറുമായി ബന്ധപ്പെടുന്നുണ്ട്. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യു.ജി.സി നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനൽ സൈബർ ക്രൈം ത്രെറ്റ് യൂനിറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കി എന്നായിരുന്നു ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായി ഇറക്കിയ പ്രസ്താവനയിൽ കേന്ദ്ര സർക്കാർ അറിയിച്ചത്.
എൻ.ടി.എ മേയ് അഞ്ചിന് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ക്രമക്കേടിൽ വിവാദം കത്തി നിൽക്കുന്നതിനിടെ, യു.ജി.സി നെറ്റ് ക്രമക്കേടും പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശദീകരണം നൽകാൻ വ്യാഴാഴ്ച ഉച്ചക്ക് വിദ്യാഭ്യാസ ജോയന്റ് സെക്രട്ടറി ഗോവിന്ദ് ജൈസ്വാൾ വാർത്തസമ്മേളനം നടത്തിയത്. തൽക്കാലം പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നൽകാനാവില്ലെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം
സി.ബി.ഐയെ ഏൽപിച്ചിരിക്കുകയാണെന്നുമാണ് ജോയന്റ് സെക്രട്ടറി പറഞ്ഞത്. രാത്രി കേന്ദ്രമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിലാണ് ടെലിഗ്രാമിലും ഡാർക്ക് നെറ്റിലും ചോദ്യം ചോർന്നുവെന്ന് മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതിനിടെ, ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 83 വിഷയങ്ങളിലായി 9,08,580 വിദ്യാർഥികളാണ് ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതിയത്. ഇക്കൊല്ലം മുതൽ പിഎച്ച്.ഡി പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡമായും നെറ്റ് മാർക്കാണ് പരിഗണിക്കുന്നത്. കൂടാതെ, പിന്നാക്ക, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള നാഷനൽ ഫെലോഷിപ്പുകൾക്കും മാർക്ക് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.