നീറ്റിന് മേൽ ‘നെറ്റ്’; സർക്കാറിന് നീറ്റൽ
text_fieldsന്യൂഡൽഹി: നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-യു.ജി) ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിപക്ഷവും വിദ്യാർഥികളും പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിച്ചതിനിടെ നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ചോദ്യപ്പേപ്പർ ചോർന്ന് പരീക്ഷതന്നെ റദ്ദാക്കിയ സംഭവം മോദി സർക്കാറിന്റെ പ്രതിരോധം ദുർബലമാക്കി. ഘടകകക്ഷികളുടെ ബലത്തിൽ അധികാരമേറ്റ് ലോക്സഭയിൽ എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കുന്നതിന് മുമ്പെ വന്നു പതിച്ച രണ്ട് ചോർച്ചകൾ എൻ.ഡി.എ സർക്കാറിന്റെ മൂന്നാമൂഴത്തിന്റെ തുടക്കം പരുങ്ങലിലാക്കി.
നീറ്റിൽ ചോർച്ചയില്ലെന്ന അവകാശവാദം പൊളിയുകയും ബിഹാറിൽ ചോർച്ച സ്ഥിരീകരിക്കുകയും ചോർത്തിയവർ അറസ്റ്റിലാകുകയും ചെയ്തതോടെ വിശ്വാസ്യത തകർന്ന ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ), നെറ്റ് പരീക്ഷാ പേപ്പർ കൂടി ചോർന്നതോടെ കൂടുതൽ നാണക്കേടിലായി. വിഷയം പാർലമെന്റിലുന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതോടെ ആദ്യ സഭ പ്രക്ഷുബ്ധമാകും.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ച ആത്മവിശ്വാസത്തിൽ 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിനെത്തുന്ന ഇൻഡ്യ സഖ്യത്തിന് വർധിതവീര്യം പകർന്ന് സർക്കാറിനെ അടിക്കാൻ വീണുകിട്ടിയ വടിയാകും നീറ്റും നെറ്റും. കൂടിക്കാഴ്ചക്കുശേഷം വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ജോയന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാളിനെ പകരം പറഞ്ഞയച്ച് ഉൾവലിഞ്ഞു. നെറ്റ് പരീക്ഷ റദ്ദാക്കിയത് പോലെ നീറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ ജോയന്റ് സെക്രട്ടറിക്ക് കഴിഞ്ഞതുമില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് വൈകുന്നേരം മന്ത്രി വാർത്ത സമ്മേളനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.