നേതാജി ഇടതുപക്ഷക്കാരനായിരുന്നു; ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും നിലപാടിൽ നിന്ന് വ്യത്യസ്തമാണ് അത് -മകൾ അനിത ബോസ്
text_fieldsകൊൽക്കത്ത: തന്റെ പിതാവിന്റെ പാരമ്പര്യം ആർ.എസ്.എസ് ഭാഗികമായി ചൂഷണം ചെയ്യുകയാണെന്ന് സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസ്. ജനുവരി 23ന് കൊൽക്കത്തയിൽ വെച്ച് നേതാജിയുടെ ജൻമദിനം ആഘോഷിക്കാനുള്ള ആർ.എസ്.എസിന്റെ പദ്ധതിയെ കുറിച്ചായിരുന്നു അനിത ബോസ് പ്രതികരിച്ചത്. പ്രത്യയ ശാസ്ത്രവുമായി നോക്കുകയാണെങ്കിൽ നേതാജി ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നത് കോൺഗ്രസിനോടാണ്. ആർ.എസ്.എസിന്റെ പ്രത്യയ ശാസ്ത്രവും നേതാജിയുടെ ആശയങ്ങളും തമ്മിൽ വലിയ അന്തരം തന്നെ നിലനിൽക്കുന്നു. അവ തമ്മിൽ ഒരിക്കലും പൊരുത്തപ്പെടില്ല-അവർ വ്യക്തമാക്കി.
നേതാജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ ഷാഹിദ് മിനാർ ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആണ് സംസാരിക്കുക.
നേതാജി പ്രബോധനം ചെയ്തതുപോലെ എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയം ബി.ജെ.പിയും ആർ.എസ്.എസും പ്രതിഫലിപ്പിക്കുന്നില്ല. വ്യത്യസ്ത മതങ്ങളിലെ ആളുകൾ തമ്മിലുള്ള സഹകരണം അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
കൃത്യമായി പറയുകയാണെങ്കിൽ നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു, അവർ വലതുപക്ഷക്കാരും-അനിത ബോസ് നയം വ്യക്തമാക്കി.
''എന്റെ കേട്ടറിവു വെച്ച് ആർ.എസ്.എസ് പ്രത്യയശാസ്ത്രവും നേതാജിയുടെ പ്രത്യയശാസ്ത്രവും രണ്ടാണ്. രണ്ട് മൂല്യവ്യവസ്ഥകളും പൊരുത്തപ്പെടുന്നില്ല. നേതാജിയുടെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളാൻ ആർ.എസ്.എസിന് തോന്നിയാൽ അത് നല്ലതായിരിക്കും. നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളിൽ ആഘോഷിക്കാൻ വിവിധ വിഭാഗങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അവർക്ക് അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിക്കാനാകണം''-അനിത ബോസ് വിലയിരുത്തി.
അതേസമയം നേതാജിയെ ആദരിക്കുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിച്ച ബി.ജെ.പിയെ അഭിനന്ദിക്കാനും അവർ മറന്നില്ല. നേതാജി ആർ.എസ്.എസിന്റെ വിമർശകനായിരുന്നോ എന്ന ചോദ്യത്തിനും അവർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.
അദ്ദേഹം ആർ.എസ്.എസിനെ വിമർശിച്ച് പ്രസ്താവനകൾ നടത്തിയിരിക്കാം. അദ്ദേഹത്തിന്റെ വീക്ഷണത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. ആർ.എസ്.എസുകാരുടെതും. രണ്ടും തമ്മിൽ നല്ല വൈരുധ്യമുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സമരപോരാട്ടങ്ങളിൽ നേതാജിയുടെ പങ്ക് കുറച്ചു കാണിക്കാനാണ് ശ്രമം നടന്നത്. ചരിത്രം പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷനൽ ആർമിക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.